ന്യൂഡല്‍ഹി: നൂറ്റാണ്ടുകളായി ഇന്ത്യ പിന്തുടരുന്ന മൂല്യങ്ങളുടെ ഏകീകരണമാണ് ദേശീയ പൗരത്വ ബില്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി. ബില്‍ ലോക്‌സഭയില്‍ പാസായതിന് പിന്നാലെയാണ് മോദി ട്വീറ്റ് ചെയ്‌തത്.
ബില്‍ പാസായതില്‍ സന്തോഷമുണ്ട്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനമുണ്ടായത്. ബില്ലിനെ പിന്തുണച്ച എല്ലാ എംപിമാര്‍ക്കും താന്‍ നന്ദി അറിയിക്കുന്നു. - മോദി ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.
സഭയില്‍ ബില്‍ അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മോദി അഭിനന്ദിച്ചു. ബില്ലിന്‍റെ ഓരോ വശങ്ങളും അമിത് ഷാ വ്യക്‌തമായി സഭയില്‍ അവതരിപ്പിച്ചു. സംശയങ്ങള്‍ ഉന്നയിച്ച എല്ലാ ജനപ്രതിനിധികള്‍ക്കും അദ്ദേഹം കൃത്യമായ മറുപടി നല്‍കി. അതിനാല്‍ ഞാന്‍ അദ്ദേഹത്തെ പ്രത്യേകമായി അഭിനന്ദിക്കുന്നു - മോദി ട്വീറ്റ് ചെയ്‌തു.
തിങ്കളാഴ്‌ച രാത്രിയോടെയാണ് 311 പേരുടെ പിന്തുണയോടെ ദേശീയ പൗരത്വ ബില്‍ ലോക്‌സഭയില്‍ പാസായത്. ഏഴ് മണിക്കൂര്‍ നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷം നടന്ന വോട്ടെടുപ്പില്‍ 80 പേര്‍ ബില്ലിനെതിരെ വോട്ട് ചെയ്‌തു.
പാസാക്കിയ ബില്‍ പ്രകാരം പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. എന്നാല്‍ ഇവരുടെ കൂട്ടത്തിലുള്ള മുസ്‌ലിങ്ങള്‍ക്ക് പൗരത്വം ലഭിക്കില്ല. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്‌ത്യന്‍ വിഭാഗത്തില്‍പ്പെട്ട, 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയ കുടിയേറ്റക്കാര്‍ക്കാണ് ഇന്ത്യന്‍ പൗരത്വം ലഭിക്കുക. അടുത്ത ദിവസങ്ങളില്‍ തന്നെ ബില്‍ രാജ്യസഭയിലെത്തും. 245 അംഗ സഭയില്‍ 123 പേരുടെ പിന്തുണയാണ് എന്‍ഡിഎ സര്‍ക്കാരിന് ബില്‍ പാസാക്കാന്‍ വേണ്ടത്.