ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിഷേധം ശക്തമാകുമ്പോഴും പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. 125 പേരാണ് രാജ്യസഭയില്‍ ബില്ലിനെ അനുകൂലിച്ചത്. 105 പേർ എതിർത്തു. ബില്‍ സെലക്ടറ്റ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം വോട്ടിനിട്ട് തള്ളി. 44 ഭേദഗതി നിർദ്ദേശങ്ങളാണ് ബില്ലിൻ മേല്‍ വന്നത്.
രാജ്യത്തിന്‍റെ ചരിത്രത്തിലെ സുപ്രധാന ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു.
കേരളത്തില്‍ നിന്നുള്ള എംപിമാരായ കെ.കെ രാഗേഷ്, എളമരം കരീം, അബ്ദുൾ വഹാബ്, ബിനോയ് വിശ്വം, സോമപ്രസാദ് എന്നിവരെല്ലാം ഭേദഗതി നിർദ്ദേശം നല്‍കിയെങ്കിലും ഇവയെല്ലാം വോട്ടിനിട്ട് തള്ളുകയായിരുന്നു. തൃണമൂല്‍ കോൺഗ്രസിന്‍റെ 14 ഭേദഗതികളാണ് വോട്ടിനിട്ട് തള്ളിയത്. നേരത്തെ ലോക്‌സഭയും ബില്‍ പാസാക്കിയിരുന്നു. ഇനി രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും.
ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ബില്‍ ഇന്ത്യയെ വിഭജിക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു. ശിവസേന വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ചർച്ചയ്ക്കിടെ ശിവസേന എം.പിമാർ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപോയതിനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പരിഹസിച്ചു. കസേര മാറുമ്പോൾ എന്തിനാണ് ശിവസേനയുടെ നിറം മാറുന്നത് എന്ന് അമിത് ഷാ ചോദിച്ചു. കോൺഗ്രസിനും പാകിസ്ഥാനും ഒരേ ഭാഷയെന്നും അമിത് ഷാ കുറ്റപ്പെടുത്തി. രാജ്യത്തെ മുസ്ലീങ്ങളെ ഇല്ലാതാക്കാൻ ആരെയും അനുവദിക്കില്ലെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.
തൃണമൂല്‍, സമാജ്‌വാദി പാർട്ടി, സിപിഎം, ടിആർഎസ്, ഡിഎംകെ തുടങ്ങിയ പാർട്ടികൾ ബില്ലിനെ എതിർത്ത് സംസാരിച്ചപ്പോൾ ജെഡിയുവും എഐഡിഎംകെയും ബില്ലിനെ സഭയില്‍ അനുകൂലിച്ചു. ബില്ലിനെ എതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. അസാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ കലാപത്തിന് സമാനമാണ് അന്തരീക്ഷം.