ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തീയില്‍ കത്തി തലസ്ഥാനം. ജാമിയ മിലിയ സര്‍വകലാശാലയില്‍ പ്രക്ഷോഭകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ മുപ്പത്തഞ്ചോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്നിലും സംഘര്‍ഷമുണ്ടായി. പ്രക്ഷോഭകര്‍ പൊലീസിനെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചു. നേരത്തെ ജാമിയ സര്‍വകലാശാലക്ക് സമീപത്തും മറ്റുമായി പ്രതിഷേധക്കാര്‍ വാഹനങ്ങൾ അഗ്നിക്കിരയാക്കിയിരുന്നു. എന്നാല്‍ സര്‍വകലാശാല വിദ്യാര്‍ഥികൾ സംഘര്‍ഷത്തില്‍ പങ്കെടുത്തിട്ടില്ലെന്നാണ് സര്‍വകലാശാല അധികൃതരുടെ വാദം.
അശാന്തമായി തലസ്ഥാനം; സംഘര്‍ഷം, നിരവധി പേര്‍ക്ക് പരിക്ക് - ജാമിയ മിലിയ പ്രക്ഷോഭം
വിദ്യാര്‍ഥികൾക്ക് നേരെ വെടിയുതിര്‍ത്തെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ്
അതേസമയം വിദ്യാര്‍ഥികൾക്ക് നേരെ വെടിയുതിര്‍ത്തെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥികളില്‍ നിന്നും പൊലീസിന് നേരെ കല്ലേറുണ്ടായെന്നും ഇത് അന്വേഷിക്കാന്‍ വേണ്ടിയാണ് പൊലീസ് സര്‍വകലാശാലക്ക് അകത്ത് പ്രവേശിച്ചതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. എന്നാല്‍ പൊലീസ് സംഘം സര്‍വകലാശാലയിലേക്ക് അതിക്രമിച്ചുകടക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികൾ ആരോപിച്ചു. അനുവാദമില്ലാതെ സര്‍വകലാശാലയില്‍ പ്രവേശിച്ച പൊലീസ് നിരവധി വിദ്യാര്‍ഥികളെ തടവിലാക്കിയിട്ടുണ്ട്. അടച്ചിട്ട ഗേറ്റുകൾ തകര്‍ത്ത് പൊലീസ് അകത്ത് പ്രവേശിക്കുകയായിരുന്നുവെന്നും ബലം പ്രയോഗിച്ച് തങ്ങളെ പുറത്താക്കുകയായിരുന്നുെവന്നും വിദ്യാര്‍ഥികൾ പറഞ്ഞു. ഇതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസ് കയ്യേറ്റമുണ്ടായെന്നും ആരോപണമുയര്‍ന്നു.