കൊൽക്കത്ത: കൊൽക്കത്തയിൽ ഒരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ അർദ്ധസൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ മരണം ആറായി ഉയർന്നു. പുതുതായി 18 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നിലവിൽ കൊവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന അർദ്ധസൈനിക ഉദ്യോഗസ്ഥരുടെ എണ്ണം 779 ആയി.
ഒരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
പുതുതായി 18 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡിന്‍റെ (ജിആർസെൽ) സുരക്ഷാ യൂണിറ്റിൽ നിയമിക്കപ്പെട്ട സിഐഎസ്എഫ് അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർ ബർമാനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൂടാതെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലിചെയ്തിരുന്ന അർദ്ധസൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥനും മരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലുള്ള അതിർത്തി സുരക്ഷാ സേനയിലെ രണ്ട് പേരും കേന്ദ്ര റിസർവ് പൊലീസ് സേനയിലെ ഒരാളുമാണ് കൊവിഡ് ബാധമൂലം മരിച്ചത്. 1.62 ലക്ഷം ഉദ്യോഗസ്ഥരുള്ള സിഐഎസ്‌എഫിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി അഞ്ച് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇവരെല്ലാം ഡൽഹി മെട്രോയിൽ കാവൽ നിൽക്കുന്ന യൂണിറ്റിലുള്ളവരാണ്. ബിഎസ്‌എഫിൽ പുതിയ ഒൻപത് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ അർധ സൈനിക വിഭാഗമായ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്‍റെ (സിആർപിഎഫ്) ഡൽഹി ആസ്ഥാനമായുള്ള യൂണിറ്റുകളിൽ രണ്ട് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൽ ആകെ രോഗികൾ 243 ആയി ഉയർന്നു. ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിൽ (ഐടിബിപി ) പുതിയ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഐടിബിപിയിൽ ആകെ രോഗം ബാധിച്ചവർ 159 ആയി.