ഡല്‍ഹി∙ മേം ഭീ ചൗക്കിദാർ (ഞാനും കാവൽക്കാരൻ) എന്ന പ്രധാനമന്ത്രിയുടെ മുദ്രാവാക്യം ട്വിറ്ററിൽ ജനപ്രിയമായതോടെ നരേന്ദ്രമോദിയുടെ ട്വിറ്റർ അക്കൗണ്ടിന്‍റെ പേര് ‘ചൗക്കിദാർ നരേന്ദ്ര മോദി’ എന്നു മാറ്റി. പ്രധാനമന്ത്രിയോടൊപ്പം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയൽ, ജെ.പി. നഡ്ഡ എന്നിവരും ട്വിറ്റര്‍ അക്കൗണ്ടിലെ പേരിനുമുന്നിൽ ചൗക്കിദാർ പ്രയോഗം ചേർത്തുവച്ചിട്ടുണ്ട്.
‘ചൗക്കിദാർ അമിത് ഷാ’ എന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ട്വിറ്ററിൽ പേര് മാറ്റിയത്. ഒറ്റയ്ക്കല്ല, അഴിമതിക്കും അഴുക്കിനും സാമൂഹിക വിപത്തിനുമെതിരെ പോരടിക്കുന്നവരെല്ലാം ചൗക്കിദാറുമാരാണ്. ഇന്ത്യയുടെ മേൽഗതിക്കായി കഠിനാധ്വാനം ചെയ്യുന്നവരെല്ലാം ചൗക്കിദാറുമാരാണ്. ഇന്ന് എല്ലാ ഇന്ത്യക്കാരും പറയുന്നു, ഞാനും ചൗക്കിദാറാണ്– മോദി ട്വിറ്റർ കുറിപ്പിലൂടെ വ്യക്തമാക്കി. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.