ന്യൂഡല്‍ഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിൻമയാനന്ദ് തന്നെ ലൈംഗിക പീഡനത്തിനിരയാക്കി എന്ന പരാതിയുമായി നിയമ ബിരുദ വിദ്യാർഥിനി. ചിൻമയാനന്ദ് പീഡിപ്പിച്ചതായും ഒരു വർഷമായി ശാരീരികമായി ചൂഷണം ചെയ്‌തുവരികയായിരുന്നെന്നും പരാതിയില്‍ പറയുന്നു.
ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും ഷാജഹാൻപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തില്ലെന്നും യുവതി മാധ്യമങ്ങളോട് വ്യക്‌തമാക്കി. വിദ്യാർഥിനി നല്‍കിയ പരാതി ഡല്‍ഹി പൊലീസ് ലോധി റോഡ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്യുകയും ഷാജഹാൻപൂർ പൊലീസിന് കൈമാറുകയും ചെയ്‌തു.
ഒരു മുതിർന്ന സന്യാസി തന്നെ പീഡിപ്പിക്കാനും കൊലപ്പെടുത്താനും ശ്രമിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞമാസം 24ന് സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. പിറ്റേദിവസം മുതല്‍ പെൺകുട്ടിയെ കാണാതാവുകയും ചെയ്‌തു. പിന്നീട് പെൺകുട്ടിയെ രാജസ്ഥാനില്‍ നിന്നും പൊലീസ് കണ്ടെത്തി. തുടർന്ന് സ്വാമി ചിൻമയാനന്ദ തന്‍റെ മകളെ ലൈംഗീകമായി പീഡിപ്പിച്ചതായി യുവതിയുടെ പിതാവ് പരാതി നല്‍കുകയായിരുന്നു. സുപ്രീംകോടതി ഇടപെട്ട് യുവതിയെ ഡല്‍ഹിയിലേക്ക് എത്തിക്കുകയും സുരക്ഷ ഒരുക്കുകയും ചെയ്‌തു.
2011ലും ചിൻമയാനന്ദക്കെതിരെ സമാന പീഡനാരോപണം ഉയർന്നിരുന്നു. ഇയാളുടെ ആശ്രമത്തില്‍ താമസിച്ച യുവതിയെ ബലാത്സംഗം ചെയ്‌തുവെന്നായിരുന്നു പരാതി.