ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗവും അതിർത്തിയെ പരാമർശിക്കുന്ന ഇന്ത്യയുടെ ഔദ്യോഗിക പ്രസ്താവനകളും നീക്കം ചെയ്ത് ചൈനീസ് സോഷ്യൽ മീഡിയ. സർക്കാർ നിയന്ത്രണങ്ങൾക്കും സെൻസർഷിപ്പിനും പേരുകേട്ടതാണ് ചൈനയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം.
'വീ-ചാറ്റ്' എന്ന സമൂഹ മാധ്യമത്തിൽ നിന്നാണ് മോദിയുടെ പ്രസംഗം നീക്കം ചെയ്തത്. രാജ്യത്തിന്‍റെ അതിർത്തി സാഹചര്യത്തെ സംബന്ധിച്ച് ജൂൺ 18ന് മോദി നടത്തിയ പ്രസംഗമാണ് വീ-ചാറ്റ് ഉപയോക്താക്കൾക്ക് നിലവിൽ ലഭ്യമല്ലാതായത്. ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടത്തിനെ തുടർന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
വീ-ചാറ്റിൽ നിന്നും നരേന്ദ്ര മോദിയുടെ പ്രസംഗം നീക്കി ചൈനീസ് ഭരണകൂടം - വീ ചാറ്റ്
ഗൽവാനിൽ 20 ഇന്ത്യന്‍ സൈനികർ വീരമൃത്യു വരിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി നടത്തിയ പ്രസംഗമാണ് നീക്കം ചെയ്തത്
ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. എങ്കിലും പ്രകോപനമുണ്ടായാൽ ഉചിതമായ മറുപടി നൽകാൻ രാജ്യത്തിന് കഴിയുമെന്ന് മോദി പരാമർശിച്ചിരുന്നു. ഇതാണ് വീ-ചാറ്റില്‍ നിന്ന് ചൈന നീക്കം ചെയ്തത്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ വക്താവ് അനുരാഗ് ശ്രീവാസ്തവയുടെ പ്രസ്താവനയും വീ-ചാറ്റ് അക്കൗണ്ടിൽ നിന്ന് നീക്കംചെയ്തു. മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന് തുല്യമായി ചൈന കണക്കാക്കുന്ന 'സിന-വെയ്‌ബോ' യിൽ മോദി അക്കൗണ്ട് തുടങ്ങിയിരുന്നു. 2015 ലെ ചൈനീസ് സന്ദർശനത്തിന് മുന്നോടിയായാണ് തുടങ്ങിയത്. എന്നാൽ പ്രസ്തുത അക്കൗണ്ടിൽ ഇതുവരെ അതിർത്തി സംഘർഷങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കം പോസ്റ്റ് ചെയ്തിട്ടില്ല.