ഷിംല: ഹിമാചൽപ്രദേശിൽ ചൈനീസ് സൈനിക ഹെലികോപ്റ്ററുകളെ കണ്ടെത്തിയതായി റിപ്പോർട്ട്. ലാഹൗൾ, സ്പിതി ജില്ലകളിലെ സുംഡോ പ്രദേശത്തിന് സമീപം ഞായറാഴ്ചയാണ് ഹെലികോപ്റ്ററുകൾ പറക്കുന്നതായി കണ്ടെത്തിയത്. ഇന്ത്യൻ അതിർത്തി കടന്ന് 12 കിലോമീറ്റർ ഉള്ളിലേക്ക് ചൈനീസ് സൈനിക ഹെലികോപ്റ്ററുകൾ സഞ്ചരിച്ചതായാണ് റിപ്പോർട്ടുകൾ.
ഹിമാചൽപ്രദേശിൽ ചൈനീസ് ഹെലികോപ്റ്ററുകൾ കണ്ടെത്തി - ലാഹൗൾ
ഹിമാചൽ പ്രദേശിലെ ലാഹൗൾ, സ്പിതി ജില്ലകളിൽ ഞായറാഴ്ച ചൈനീസ് സൈനിക ഹെലികോപ്റ്ററുകൾ കണ്ടെത്തി

മിലിട്ടറി ഇന്റലിജൻസ്, ഇന്റലിജൻസ് ബ്യൂറോ, ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് എന്നിവരെ ഇക്കാര്യം അറിയിച്ചതായി ഹിമാചൽ പ്രദേശ് പൊലീസ് വ്യക്തമാക്കി. ചൈനീസ് ഹെലികോപ്റ്ററുകൾ താഴ്ന്ന നിലയിലാണ് പറക്കുന്നതെന്നും സംസ്ഥാന പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒന്നര മാസത്തിനിടെ ലഹൗൽ, സ്പിതി പ്രദേശത്ത് രണ്ടുതവണ ചൈനീസ് സൈന്യം നുഴഞ്ഞുകയറിയിരുന്നു. ഏപ്രിൽ അവസാനവാരത്തിലും മെയ് ആദ്യ വാരത്തിലുമായി ചൈനീസ് ഹെലികോപ്റ്ററുകൾ ഇന്ത്യൻ അതിർത്തിയിൽ പ്രവേശിച്ചതായും ഹിമാചൽ പൊലീസ് പറഞ്ഞു. നേരത്തെ കിഴക്കൻ ലഡാക്കിലെ ഇന്ത്യ- ചൈന അതിർത്തിക്കടുത്ത് ചൈനീസ് സൈനിക ഹെലികോപ്റ്ററുകൾ പറക്കുന്നതായി കണ്ടെത്തിയിരുന്നു.