യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) കിഴക്കന്‍ ലഡാക്കിലെ പാന്‍ഗോങ് ട്സൊ തടാകത്തിനരികിലെ ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് കടന്നു കയറുവാന്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) നടത്തിയ പുതിയ ശ്രമം തടയുന്നതിന് എടുത്ത മുന്‍കൂർ നടപടികളെ കുറിച്ച് തിങ്കളാഴ്ച ഉണ്ടായ ഇന്ത്യന്‍ സൈന്യത്തിന്‍റെ പ്രസ്‌താവനക്കെതിരെ ചൈന കടുത്ത രീതിയില്‍ പ്രതികരിച്ചപ്പോൾ ബെയ്‌ജിങ്ങിന്‍റെ നടപടികള്‍ ഉഭയകക്ഷി കരാറുകളെയും പ്രോട്ടോക്കോളുകളെയും നിരന്തരം ലംഘിക്കുന്നവയാണ് എന്ന് ചൊവ്വാഴ്‌ച വിദേശ കാര്യ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി. ഏഷ്യയിലെ രണ്ട് വമ്പന്‍ രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ സമാധാനവും ശാന്തിയും പുനസ്ഥാപിക്കുന്നതിനായി ഇരു ഭാഗങ്ങള്‍ക്കിടയിലും ചര്‍ച്ച ചെയ്‌ത് പൂര്‍ത്തിയാക്കിയ തീരുമാനങ്ങളെയാണ് ചൈന ലംഘിക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്.
വിദേശ മന്ത്രാലയത്തിലെ വക്താവ് അനുരാഗ് ശ്രീവാസ്തവ ഒരു പ്രസ്താവനയിലൂടെ പറഞ്ഞത് ഓഗസ്റ്റ് 29, 30 തീയതികളിലെ രാത്രി വൈകിയുള്ള വേളകളില്‍ “ചൈന പ്രകോപനപരമായ സൈനിക നടപടികളില്‍'' ഏര്‍പ്പെട്ടു എന്നാണ്. പാന്‍ഗോങ് തടാകത്തിന്‍റെ മേഖലയില്‍ തെക്കന്‍ കരയില്‍ തല്‍സ്ഥിതി മാറ്റി മറിക്കുന്നതിനാണ് ചൈന ശ്രമം നടത്തിയത് എന്നും പ്രസ്‌താവനയില്‍ പറയുന്നു.
“ഇന്ത്യന്‍ സൈന്യം ഇന്നലെ പ്രസ്‌താവിച്ചതു പോലെ ഈ പ്രകോപനപരമായ നടപടികളോട് ഇന്ത്യ പ്രതികരിച്ചു കൊണ്ട് യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ എടുക്കുകയും ചെയ്‌തു. നമ്മുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അതിര്‍ത്തിയുടെ അഖണ്ഡത പ്രതിരോധിക്കുന്നതിനും വേണ്ടിയുള്ളതായിരുന്നു ഈ നടപടികള്‍,'' ശ്രീവാസ്‌തവ പറഞ്ഞു.
“സ്ഥിതി ഗതികള്‍ സംഘര്‍ഷരഹിതമാക്കുന്നതിനു വേണ്ടിയുള്ള ഇരു വിഭാഗങ്ങളിലേയും കമാന്‍ഡര്‍മാര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ ഓഗസ്റ്റ് 31ന് നടന്നു കൊണ്ടിരിക്കെ തന്നെ ചൈനയുടെ സൈന്യം പ്രകോപനപരമായ നടപടികളില്‍ ഏര്‍പ്പെടുകയായിരുന്നു. എന്നാല്‍ കൃത്യമായ സമയത്തുള്ള പ്രതിരോധ നടപടിയിലൂടെ ഈ ശ്രമങ്ങള്‍ തടയുന്നതിന് ഇന്ത്യന്‍ സൈന്യത്തിന് കഴിഞ്ഞു. തല്‍സ്ഥിതി അട്ടിമറിക്കുവാനുള്ള ഏകപക്ഷീയമായ ശ്രമമാണ് ചൈന നടത്തിയത്.'' പ്രസ്‌താവനയില്‍ പറയുന്നു.
ന്യൂഡല്‍ഹിയിലെ ചൈനയുടെ എംബസിയില്‍ വക്താവായി പ്രവര്‍ത്തിക്കുന്ന ജി റോങ് “ഇന്ത്യന്‍ സൈന്യം മുന്‍പ് നടന്ന ബഹുതല കൂടികാഴ്‌ചകളിലും ചര്‍ച്ചകളിലും എത്തിച്ചേര്‍ന്ന അഭിപ്രായ സമന്വയത്തെ ലംഘിച്ചിരിക്കുന്നു,'' എന്ന് ആരോപിച്ചതോടെയാണ് വിദേശ കാര്യ മന്ത്രാലയത്തിന്‍റെ മേല്‍ പറഞ്ഞ പരാമര്‍ശങ്ങളുണ്ടായത്. ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷവും പാന്‍ഗോങ് ട്സൊ തടാകത്തിന്‍റെ തെക്കന്‍ കരയിലും, ചൈന-ഇന്ത്യ അതിര്‍ത്തിയുടെ പടിഞ്ഞാറന്‍ മേഖലയായ റക്കിം മലമ്പാതക്കരികിലും ഇന്ത്യ നിയമ വിരുദ്ധമായി യഥാര്‍ഥ നിയന്ത്രണ രേഖ മുറിച്ചു കടന്നു എന്നും, അതിര്‍ത്തി മേഖലകളില്‍ വീണ്ടും സംഘര്‍ഷം പൊട്ടി പുറപ്പെടുവാന്‍ കാരണമാക്കി കൊണ്ട് നിരന്തരമായ പ്രകോപനങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ് ഇന്ത്യ എന്നും റോങ് ആരോപിക്കുകയുണ്ടായി.
“ഇന്ത്യയുടെ നീക്കത്തിലൂടെ ചൈനയുടെ അതിര്‍ത്തിയുടെ അഖണ്ഡതയും, നിലവിലുള്ള കരാറുകളും പ്രോട്ടോക്കോളുകളും എല്ലാം തന്നെ ഗുരുതരമായി ലംഘിക്കപ്പെട്ടിരിക്കയാണ്. ഇരു രാജ്യങ്ങളും എത്തി ചേര്‍ന്നിട്ടുള്ള പ്രധാനപ്പെട്ട അഭിപ്രായ സമന്വയങ്ങളും ലംഘിക്കപ്പെട്ടിരിക്കുന്നു. ചൈന-ഇന്ത്യ അതിര്‍ത്തി മേഖലയിലെ സമാധാനവും ശാന്തിയും ഇതുമൂലം ഗുരുതരമാം വിധം തകരാറിലായിരിക്കുന്നു. ഇരു വിഭാഗങ്ങളും സംഘര്‍ഷ മേഖലയിലെ സമാധാനം തിരിച്ചു കൊണ്ടു വരുന്നതിനും സ്ഥിതി ഗതികള്‍ ശാന്തമാക്കുന്നതിനും വേണ്ടി നടത്തിയ ശ്രമങ്ങള്‍ക്കെല്ലാം എതിരായുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ഇന്ത്യ നടത്തിയിരിക്കുന്നത്. അത് അതിശക്തമാം വിധം ചൈന എതിര്‍ക്കുന്നു.'' പ്രസ്‌താവനയില്‍ പറയുന്നു.
കിഴക്കന്‍ ലഡാക്കില്‍ നില നിന്നു പോരുന്ന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ സൈനിക തലത്തിലും, നയതന്ത്ര തലത്തിലും നടന്ന കൂടി കാഴ്‌ചകളിലൂടെ മുന്‍പ് എത്തിചേര്‍ന്ന അഭിപ്രായ സമന്വയങ്ങള്‍ എല്ലാം തന്നെ പിഎല്‍എ സൈന്യം ലംഘിച്ചിരിക്കയാണെന്നും തല്‍സ്ഥിതി മാറ്റി മറിക്കുന്നതിനായി പ്രകോപനപരമായ സൈനിക നീക്കങ്ങള്‍ നടത്തുകയാണെന്നും ഇന്ത്യന്‍ സൈന്യം തിങ്കളാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞിരുന്നു.
“പാന്‍ഗോങ് ട്സൊ തടാകത്തിന്‍റെ തെക്കന്‍ കരയില്‍ പിഎല്‍എ നടത്തിയ ഈ ശ്രമങ്ങള്‍ മുന്‍ കൂട്ടി കണ്ട് തടയുവാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിച്ചു. മാത്രമല്ല, നമ്മുടെ താവളങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുവാനുള്ള നടപടികള്‍ എടുക്കുകയും, നിലവില്‍ ഈ പ്രദേശത്ത് നില നില്‍ക്കുന്ന വസ്‌തുതകളെ ഏകപക്ഷീയമായി മാറ്റുവാനുള്ള ചൈനയുടെ ശ്രമങ്ങളെ തടയുകയും ചെയ്‌തു,'' എന്ന് ഇന്ത്യന്‍ സൈന്യത്തിന്‍റെ പ്രസ്‌താവനയില്‍ പറയുന്നു. “ചര്‍ച്ചകളിലൂടെ സമാധാനവും ശാന്തിയും നില നിര്‍ത്തി പോരുന്നതിന് ഇന്ത്യന്‍ സൈന്യം എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. അതോടൊപ്പം തന്നെ അതിര്‍ത്തിയുടെ അഖണ്ഡത സംരക്ഷിക്കുന്നതിനും തുല്യമാം വിധം നിശ്ചയ ദാര്‍ഢ്യത്തോടെ നില കൊള്ളും ഇന്ത്യ.'' പ്രസ്‌താവന പറഞ്ഞു.
ഈ വര്‍ഷം ജൂണില്‍ ഗല്‍വാന്‍ താഴ്‌വരയിലെ രക്ത രൂക്ഷിതമായ പോരാട്ടങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ ആദ്യമായി എല്‍എസിയില്‍ ഇരു വിഭാഗങ്ങള്‍ക്കും ഇടയില്‍ ഒട്ടേറെ സൈനികരുടെ മരണത്തിനിടയാക്കി കൊണ്ട് ലഡാക്കില്‍ പുകഞ്ഞു കൊണ്ടിരുന്ന സംഘര്‍ഷം കുറയ്ക്കുന്നതിനു വേണ്ടി എത്തി ചേര്‍ന്ന അഭിപ്രായ സമന്വയങ്ങള്‍ പിഎല്‍എ സൈനികര്‍ ലംഘിച്ചതോടു കൂടി ഇന്ത്യക്കും ചൈനക്കും ഇടയിലുള്ള പുതിയ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരിക്കയാണ്.
ചൊവാഴ്ച ബെയ്‌ജിങ്ങില്‍ നടത്തിയ പതിവ് മാധ്യമ സമ്മേളനത്തില്‍ ചൈനയുടെ വിദേശ കാര്യ മന്ത്രാലയത്തിലെ വക്താവായ ഹുവാ ചുന്‍ യിന്‍ ആരോപിച്ചത് പാന്‍ഗോങ് ട്സൊ തടാകത്തിന്‍റെ തെക്കന്‍ കരയിലും റെക്കിന്‍ മലയിലും ഇന്ത്യന്‍ സൈന്യം അനധികൃതമായി എല്‍എസി മുറിച്ചു കടന്നു എന്നാണ്.