ആപ്പ് നിരോധനം ഉന്നയിച്ച് ചൈന; സുരക്ഷ ചൂണ്ടിക്കാട്ടി ഇന്ത്യ - ആപ്പ് നിരോധനം
വ്യാപകമായി ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ടിക് ടോക്ക്, വി ചാറ്റ്, ഹലോ എന്നിവയുൾപ്പെടെ 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ കഴിഞ്ഞ ജൂൺ 29ന് ഇന്ത്യയിൽ നിരോധിച്ചിരുന്നു.
ന്യൂഡൽഹി: ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ച വിഷയത്തെ നയതന്ത്ര ചർച്ചയിൽ ചൂണ്ടിക്കാട്ടി ചൈന. ന്യൂഡൽഹിയുമായി നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് ചൈന ഇക്കാര്യം ഉന്നയിച്ചത്. എന്നാൽ സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് നടപടി സ്വീകരിച്ചതെന്നും പൗരന്മാരുമായി ബന്ധപ്പെട്ട വിവരങ്ങൾ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഇന്ത്യ വ്യക്തമാക്കി. രാജ്യത്തിന്‍റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വ്യാപകമായി ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ടിക് ടോക്ക്, വി ചാറ്റ്, ഹലോ എന്നിവയുൾപ്പെടെ 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ കഴിഞ്ഞ ജൂൺ 29ന് ഇന്ത്യയിൽ നിരോധിച്ചിരുന്നു. ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 69എ പ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയത്.