ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന പ്രമേയത്തിൽ എതിർപ്പുമായി ചൈന. പ്രമേയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പരിഗണിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് നീക്കത്തെ എതിർക്കുമെന്ന് സൂചനയുമായി ചൈന രംഗത്തെത്തിയത്. കശ്മീർ പ്രശ്നം പരിഹരിക്കാൻ എല്ലാ കക്ഷികളും അനുകൂലിക്കുന്ന നിലപാടിനേ കഴിയൂ. മസൂദ് അസറിനെ ആഗോള തീവ്രവാദിപ്പട്ടികയിൽ ഉൾപെടുത്തുന്നതിനോട് പാകിസ്ഥാൻ അനുകൂല നിലപാടെടുക്കില്ല. അതിനാൽ ഇന്ത്യയുടെ നിലപാട് മാത്രം കണക്കിലെടുത്ത് മുന്നോട്ടുപോകാനുമാകില്ലെന്നും ചൈന വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ വിഷയം ചർച്ചയ്ക്കെടുക്കും. ആരും എതിർപ്പറിയിച്ചില്ലെങ്കിൽ വലിയ ചർച്ചകളില്ലാതെ പ്രമേയം അംഗീകരിക്കപ്പെടും എന്നായിരുന്നു സ്ഥിതി. എന്നാൽ ആഗോള ശക്തികളിലൊന്നായ ചൈന ഇതിനെ എതിർക്കുന്നതോടെ ഇന്ത്യയുടെ നീക്കത്തിന് വലിയ തിരിച്ചടിയാകും.
പക്ഷേ, അമേരിക്കയും, യുകെയും ഫ്രാൻസും ഇക്കാര്യത്തിൽ ഇന്ത്യക്കൊപ്പമാണ്. യഥാർഥത്തിൽ മസൂദ് അസറിനെ ആഗോള തീവ്രവാദപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടു വച്ചത് തന്നെ ഈ മൂന്ന് രാജ്യങ്ങൾ ചേർന്നാണ്. അൽ ഖ്വയ്‍ദയുമായി ബന്ധപ്പെട്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിരോധനമേർപ്പെടുത്തുന്ന സമിതിയ്ക്ക്മുമ്പാകെയാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്. ഇതിനെ നേരത്തെ ഇന്ത്യ പിന്തുണ അറിയിച്ചിരുന്നു.
ജയ്ഷെ മുഹമ്മദ് ഉത്തരവാദിത്തമേറ്റെടുത്തപുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ഈ ആവശ്യം ശക്തമായി വീണ്ടും സമിതിയ്ക്ക് മുമ്പാകെ വച്ചിരുന്നു.എന്നാൽ ഉത്തരവാദിത്തമുള്ള, സമാധാനം ഉറപ്പ് വരുത്തുന്ന നിലപാടുകളേ സ്വീകരിക്കൂ എന്നാണ് ചൈനീസ് വിദേശകാര്യവക്താവ് ലു കാങ്പറയുന്നത്.മുമ്പ്മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന ആവശ്യമുന്നയിച്ച് മൂന്ന് തവണ സുരക്ഷാ കൗൺസിലിന് മുമ്പാകെ പ്രമേയം കൊണ്ടുവന്നെങ്കിലും വീറ്റോ അവകാശം ഉപയോഗിച്ച് എല്ലാ തവണയും ചൈന ഇതിനെ തടയുകയായിരുന്നു.