ഹൈദരാബാദ്:മുതിർന്നവർ ഇപ്പോൾ ചെയ്യുന്ന തെറ്റുകൾക്ക് ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് വരും തലമുറയിലെ കുട്ടികളാണ്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ തിക്ത ഫലങ്ങള്‍ മുഴുവനും അടുത്ത തലമുറ അനുഭവിക്കും. അസഹനീയമായ താപനിലയാവും ഇനി അങ്ങോട്ടുള്ള കാലത്ത്. മാത്രവുമല്ല, അതുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍ വേറെയും. കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ തന്നെ സാരമായി ബാധിക്കുന്നതാണ് ഇനി അങ്ങോട്ടുള്ള കാലാവസ്ഥ.
കാലാവസ്ഥാ വ്യതിയാനം വരാനിരിക്കുന്ന തലമുറയ്ക്ക് എല്ലാത്തരം ഭീഷണികളും സൃഷ്ടിക്കും. നമ്മുടെ ഭാവി തലമുറക്ക് വേണ്ടി പ്രശ്നങ്ങളെ നേരിടാന്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. അടുത്തിടെ നടന്ന ഒരു പഠനമനുസരിച്ച് ലോകമെമ്പാടുമുള്ള കാലാവസ്ഥാ വ്യതിയാനം മൂലം വരും തലമുറയിലെ മുഴുവൻ കുട്ടികൾക്കും ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇന്ത്യയിലെ കാര്യം പ്രത്യേകിച്ച് പറയുകയും വേണ്ട. അത്രയേറെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കേണ്ടതായിട്ടുണ്ട്.
ഫോസിൽ ഇന്ധന ഉപയോഗവും ആഗോള താപനവും നിയന്ത്രിച്ചില്ലെങ്കിൽ ഭക്ഷ്യക്ഷാമം, പകർച്ചവ്യാധികൾ, വെള്ളപ്പൊക്കം, ചൂട്, തിരമാലകൾ എന്നിവ രൂക്ഷമാകുമെന്നും ഈ പഠനത്തില്‍ പറയുന്നു. ആരോഗ്യവും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച ലാൻസെറ്റ് കൗണ്ട്‌ഡൗണിന്‍റെ കണ്ടെത്തലുകൾ പ്രകാരം 41 പ്രധാന സൂചികകളിലുടനീളം വാര്‍ഷിക വിശകലനം നടത്തുന്നു.
ലോകാരോഗ്യ സംഘടനക്കും ലോക ബാങ്കിനുമൊപ്പം മറ്റ് 35 സംഘടനകളിൽ നിന്നുള്ള 120 വിദഗ്ധരും ഈ വിശകലനത്തിൽ പങ്കെടുത്തു. പ്രശസ്ത സയൻസ് ജേണലായ ലാൻസെറ്റിലാണ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിനായുള്ള പാരീസ് ഉടമ്പടിയിൽ സമ്മതിച്ചതുപോലെ ആഗോള താപനില 2 ഡിഗ്രി സെൽഷ്യസ് കുറച്ചില്ലെങ്കിൽ വരും തലമുറകൾ നന്നായി ബുദ്ധിമുട്ടും. കുട്ടികളിലാണ് ഇതിന്‍റെ തിക്ത ഫലങ്ങള്‍ ഏറ്റവും കൂടുതല്‍ കാണുക.
കാർബൺ ബഹിര്‍ഗമനത്തില്‍ നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ നിലവിലെ തലമുറയിലെ കുട്ടികൾ 71 വയസ്സ് ആകുമ്പോഴേക്കും ആഗോള താപനിലയിൽ 4 ഡിഗ്രി സെൽഷ്യസ് വർദ്ധനവ് ഉണ്ടാകും. താപനിലയിലെ ഉയർച്ച മഴയുടെ ലഭ്യത, ഡെങ്കി, മലേറിയ തുടങ്ങിയ രോഗങ്ങളുടെ വ്യാപനത്തിലേക്ക് നയിക്കും. ഇന്നത്തെ കണക്കനുസരിച്ച്, ലോകജനസംഖ്യയുടെ പകുതിയും ഈ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയുണ്ട്. ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്.
കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ കുട്ടികൾക്കിടയിൽ വയറിളക്ക അണുബാധയുടെ തോത് വര്‍ധിച്ചു. 2001 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തില്‍ നടത്തിയ സര്‍വേ പ്രകാരം 196 രാജ്യങ്ങളില്‍ 152 ലും കാട്ടു തീയുടെ ഉണ്ടായതിന്‍റെ കണക്കുകള്‍ കൂടുതലാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ജീവിതവും സ്വത്തുക്കളും ഉപജീവനവും ഭൂമിയും നശിപ്പിക്കും. ഇന്ത്യയിൽ കാട്ടുതീ ഇതുവരെ 2.1 കോടി ആളുകളുടെ ജീവിതത്തെ നശിപ്പിച്ചു. ഉയർന്ന ജനസാന്ദ്രത ദാരിദ്ര്യം, പോഷകാഹാരക്കുറവ്, ആരോഗ്യ സംരക്ഷണത്തിലെ വലിയ അസമത്വം എന്നിവ കൂടിയായപ്പോള്‍ ജീവിതം വളരെ ദുസഹമായി എന്ന് തന്നെ വേണം കരുതാന്‍.
ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ആദ്യം വഹിക്കുക. വയറിളക്കം മൂലമുള്ള മരണങ്ങളുടെ എണ്ണം ഇന്ത്യയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലാൻസെറ്റ് വിശകലനത്തിലെ വിദഗ്ധരിൽ ഒരാളായ പൂർണിമ പ്രഭാകരൻ പറയുന്നു. 2015ല്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട ഉഷ്ണക്കാറ്റ് ഭാവിയില്‍ ഒരു സാധാരണ സംഭവമായി മാറുമെന്ന് അവര്‍ പറയുന്നു. ആഗോളതാപനം നമ്മുടെ കുട്ടികളുടെ ജീവൻ അപഹരിക്കാൻ പോകുന്നു. നാം ഉടനടി പ്രവർത്തിക്കുന്നില്ലെങ്കിൽ ഭാവിതലമുറക്കുണ്ടാകുന്ന കഷ്ടപ്പാടുകൾക്ക് ഉത്തരവാദി മറ്റാരുമല്ല നമ്മള്‍ തന്നെയാണ്.