റായ്‌പൂര്‍: ബസ്‌താര്‍ മേഖലയില്‍ ശക്തിപ്പെടുന്ന നക്‌സല്‍ പ്രവര്‍ത്തനങ്ങളെ ചെറുക്കാൻ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. ആവശ്യമുന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് ഭൂപേഷ് ബാഗല്‍ കത്തയച്ചു. ബസ്‌താര്‍ മേഖലയിലുള്ളവര്‍ക്ക് തൊഴില്‍ നല്‍കുന്നത് വഴി അവിടങ്ങളിലുള്ള നക്‌സല്‍ സ്വാധീനം കുറയ്‌ക്കാനാകുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.
നക്‌സലുകളെ പ്രതിരോധിക്കാൻ കേന്ദ്രസഹായം ആവശ്യപ്പെട്ട് ചത്തീസ്ഗഡ് മുഖ്യമന്ത്രി
ബസ്‌താര്‍ മേഖലയിലുള്ളവര്‍ക്ക് തൊഴില്‍ നല്‍കുന്നത് വഴി അവിടങ്ങളിലുള്ള നക്‌സല്‍ സ്വാധീനം കുറയ്‌ക്കാനാകുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.
ഇതിനായി സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ അവ പൂര്‍ണമായി നടപ്പിലാക്കാൻ കേന്ദ്ര സര്‍ക്കാരിന്‍റെ സഹായം ആവശ്യമാണെന്നാണ് ഭൂപേഷ് ബാഗല്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബസ്‌താര്‍ മേഖലയിലുള്ള സ്‌റ്റീല്‍ പ്ലാന്‍റുകളിലേക്കുള്ള അസംസ്‌കൃത വസ്‌തുക്കള്‍ 30 ശതമാനം വിലക്കുറവില്‍ നല്‍കാൻ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണാവശ്യം. ഇതുവഴി കൂടുതല്‍ നിക്ഷേപകര്‍ മുന്നോട്ട് വരുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ട്ടിക്കപ്പെടുമെന്നുമാണ് വിലയിരുത്തല്‍.
കാട്ടുമരുന്നുകള്‍ അടക്കമുള്ള നിരവധി വന ഉല്‍പ്പന്നങ്ങള്‍ ഇവിടങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ അവ കൃത്യമായി വില്‍ക്കാനുള്ള സാഹചര്യം പ്രദേശവാസികളായ ഉല്‍പ്പാദകര്‍ക്കില്ല. ഇതിന് കൃത്യമായ ഒരു സംവിധാനം ആവശ്യമാണെന്നും നിര്‍ദേശമുണ്ട്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പല പദ്ധതികളും സംസ്ഥാനത്തെ പല ജില്ലകളിലേക്കും എത്തുന്നില്ലെന്നും കത്തില്‍ മുഖ്യമന്ത്രി പരാതിപ്പെട്ടു.