ന്യൂഡൽഹി: ലോക്ക് ഡൗൺ മൂലമുണ്ടായ സാമ്പത്തിക തകർച്ച നേരിടാൻ സംസ്ഥാനത്തിന് 30,000 കോടി രൂപയുടെ ധനസഹായം നൽകണമെന്ന് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വ്യവസായം, സേവനം, കാർഷിക മേഖല എന്നിവയെ പിന്താങ്ങുന്നതിനായി 10,000 കോടി രൂപ ഉടൻ നൽകണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ ഭൂപേഷ് ബാഗേൽ വ്യക്തമാക്കി. അടുത്ത മൂന്ന് മാസത്തേക്ക് ദുരിതാശ്വാസ, ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിനാണ് ധനസഹായം അനിവാര്യമായുള്ളതെന്നും സംസ്ഥാനത്തെ വരുമാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഇത് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഛത്തീസ്‌ഗഡിൽ കൊവിഡ് ഭീഷണി കുറവാണ്. അതിനാൽ ഏതാനും മേഖലകളെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഖനന പ്രവർത്തനങ്ങൾ, എക്സൈസ്, ജിഎസ്‌ടി, വസ്‌തുവകകളുടെ രജിസ്ട്രേഷൻ, വാഹനങ്ങളുടെ രജിസ്ട്രേഷൻ, വന സമ്പത്ത് എന്നിവയാണ് സംസ്ഥാനത്തിന്‍റെ പ്രധാന വരുമാന മാർഗങ്ങൾ. ആവശ്യവസ്‌തുക്കൾ വിറ്റഴിക്കുന്നതിൽ നിന്ന് ഛത്തീസ്‌ഗഡിന് വരുമാനമൊന്നും ലഭിക്കുന്നില്ല. അതിനാൽ നഗരങ്ങളിലെ നിർമാണ പ്രവർത്തനങ്ങളും വേനൽക്കാലം കണക്കിലെടുത്ത് എയർകണ്ടീഷണറുകൾ, കൂളറുകൾ, ഫ്രിഡ്‌ജുകൾ എന്നിവയുടെ കടകൾ തുറന്നുപ്രവർത്തിക്കാനും അനുമതി നൽകണം.