ബെംഗളുരു:മംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ച കേസിൽ അഞ്ച് മാസത്തിന് ശേഷം കർണാടക പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതി ആദിത്യ റാവുവിനെതിരെ 700 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്. ഈ വർഷം ജനുവരി 20നാണ് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഗേറ്റിന് സമീപം ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്നും സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയത്. ബോംബ് നിര്‍വീര്യമാക്കിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് 36 കാരനായ ആദിത്യ റാവു പൊലീസിന് മുന്നിൽ കീഴടങ്ങിയത്.
മംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു - Mangaluru airport
കേസിൽ പ്രതിയായ ആദിത്യ റാവുവിനെതിരെ 700 പേജുള്ള കുറ്റപത്രമാണ് കർണാടക പൊലീസ് സമർപ്പിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥനും എസിപിയുമായ കെ.യു ബെല്ലിയപ്പയാണ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടെയും, ജില്ലാ ഡെപ്യൂട്ടി കമ്മിഷണറുടെയും അനുമതി നേടിയ ശേഷം ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പിൽ കുറ്റപത്രം സമർപ്പിച്ചത്. സ്‌ഫോടക വസ്‌തുക്കൾ അടങ്ങിയ ബാഗ് ഉപേക്ഷിച്ച ശേഷം പ്രതി രക്ഷപ്പെട്ടു. ശേഷം ബെംഗളൂരു പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഫോറൻസിക് ലാബിൽ നിന്നുള്ള വിശദമായ കുറ്റപത്രത്തിൽ യാത്രക്കാർക്കിടയിൽ ഭയമുണ്ടാക്കുന്നതിനാണ് ഇയാൾ ബോംബ് ഉപേക്ഷിച്ചതെന്ന് പറയുന്നു. കേസന്വേഷണം ഏപ്രിലിൽ പൂർത്തിയായെന്നും സർക്കാരിന്‍റെ അനുമതി നേടാൻ കുറ്റപത്രം അയച്ചിരുന്നതായും പൊലീസ് പറഞ്ഞു.