ന്യൂഡല്‍ഹി: ഞായറാഴ്‌ച രാവിലെ ചമോലി ജില്ലയില്‍ പെട്ടന്നുണ്ടായ അതിശക്തമായ വെള്ളപൊക്കത്തിന് കാരണമായത് എന്താണെന്നതിനെ കുറിച്ച് വ്യക്തമായ ധാരണകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. കടുത്ത മഞ്ഞു കാലത്ത് താപനില വളരെ താഴ്ന്നു നില്‍ക്കുന്ന വേളയില്‍ മഞ്ഞുപാളികള്‍ കൂടുതല്‍ ഉറച്ച് നിൽക്കേണ്ടിടത്ത് നന്ദാ ദേവി പര്‍വതത്തിലെ മഞ്ഞുപാളി അടര്‍ന്ന് ഒലിച്ചിറങ്ങിയത് എന്തുകൊണ്ടാണെന്നുള്ള ദുരൂഹത ഇപ്പോഴും നിലനില്‍ക്കുന്നു. എന്നാൽ 1965-ല്‍ നന്ദാദേവിയി പര്‍വതത്തിലെ മഞ്ഞുപാളിയില്‍ ഒരു ആണവ ഉപകരണം സ്ഥാപിച്ച സിഐഎ യുടേയും ഇൻ്റലിജന്‍സ് ബ്യൂറോയുടേയും (ഐബി) സംയുക്ത പ്രത്യേക മുന്നണി സംഘത്തില്‍ (എസ് എഫ് എഫ്) അംഗമായിരുന്ന ലോക പ്രശസ്‌ത പര്‍വതാരോഹകന്‍ ക്യാപ്റ്റന്‍ എംഎസ് കോഹ്ലി അത്യന്തം ശ്രദ്ധേയമാകാന്‍ ഇടയുള്ള ഒരു സാധ്യത ഉയര്‍ത്തി കാട്ടുന്നു.
“100 വര്‍ഷത്തില്‍ കൂടുതല്‍ കാലം കേടു കൂടാതെ നില നില്‍ക്കുന്ന നഷ്‌ടപ്പെട്ടുപോയ ആണവ ഉപകരണമായിരിക്കാം ഈ സംഭവത്തിന് കാരണമായിട്ടുണ്ടാവുക എന്ന സാധ്യത തള്ളികളയാന്‍ കഴിയില്ല. മുതിര്‍ന്ന ശാസ്‌ത്രജ്ഞരുടെ ഒരു കമ്മിറ്റിയെ അടിയന്തരമായി നിയോഗിച്ച് ഇതേ കുറിച്ചുള്ള ഒരു അന്വേഷണം സര്‍ക്കാര്‍ നടത്തേണ്ടതുണ്ട്. ആണവോര്‍ജ്ജം ഇപ്പോഴും ഉണ്ടാകാവുന്ന പ്രസ്‌തുത ഉപകരണം ഏറ്റവും അടിത്തട്ടില്‍ പാറയിൽ പോയി വീണിരിക്കാമെന്നുള്ള സാധ്യതയെ കുറിച്ച് ഈ ശാസ്‌ത്രജ്ഞര്‍ ആരായണം. അത്യാധുനിക മെറ്റല്‍ ഡിറ്റക്റ്റിങ് ഉപകരണങ്ങള്‍ ഉപയൊഗിച്ചും തെരച്ചില്‍ നടത്തേണ്ടതുണ്ട്,'' ഇപ്പോള്‍ 89 വയസായ ക്യാപ്റ്റന്‍ കോഹ്ലി ടെലിഫോണിലൂടെ ഇ ടി വി ഭാരതിനോട് പറഞ്ഞു.
1964-ല്‍ പടിഞ്ഞാറന്‍ പ്രവിശ്യയായ ഷിന്‍ ജിയാംഗില്‍ ചൈന ഒരു ആണവ ബോംബ് പരീക്ഷിച്ചത് പാശ്ചാത്യ ലോകത്തെ വിസ്മയിപ്പിച്ച കാര്യമായിരുന്നു. കാരണം ആണവ സാങ്കേതികവിദ്യാ വൈദഗ്ധ്യം അത്രയും വലിയ തലത്തില്‍ ചൈന നേടിയിട്ടില്ല എന്നായിരുന്നു അക്കാലത്ത് അവര്‍ കരുതിയിരുന്നത്. അങ്ങനെയാണ് ചൈന കൂടുതല്‍ ആണവ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടോ എന്ന് കണ്ടുപിടിക്കുന്നതിനായി നന്ദാ ദേവി പര്‍വതത്തിനരികില്‍ ഒരു ശ്രവണ ഉപകരണം സ്ഥാപിക്കാന്‍ സി ഐ എ ആഗ്രഹിച്ചത്. ഏതാണ്ട് 100 വര്‍ഷത്തോളം കേടുകൂടാതെ നില നില്‍ക്കുന്ന, പ്ലൂട്ടോണിയം ക്യാപ്‌സ്യൂളുകള്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഒരു ഉപകരണമായിരുന്നു അത്.
അന്ന് ആ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന ക്യാപ്റ്റന്‍ കോഹ്ലി അതേ കുറിച്ച് വിശദീകരിക്കുന്നു: “1965-ല്‍ നന്ദാ ദേവി പര്‍വത ശിഖരത്തിനരികില്‍ 25000 അടി ഉയരത്തില്‍ ഈ ഉപകരണം സ്ഥാപിക്കുന്നതിനായി കൊണ്ടു പോയപ്പോള്‍ കാലാവസ്ഥാ പെട്ടെന്ന് വളരെ മോശമായി മാറുകയും ഒരു ഹിമപാതം ഉണ്ടാവുകയും ചെയ്തു. അതേ തുടര്‍ന്ന് മുന്നോട്ട് പോകുവാന്‍ കഴിയാതെ വരികയും, ആ ഉപകരണം വലിച്ചിഴച്ച് താഴേക്ക് കൊണ്ടു വരുവാനും കഴിയാതെ വന്നപ്പോൾ ഉപകരണം അവിടെ വിട്ട് താഴോട്ടിറങ്ങുവാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.''
“മഞ്ഞില്‍ ഒരു കുഴിയുണ്ടാക്കി അതിനകത്ത് ആ ഉപകരണം സ്ഥാപിക്കുകയായിരുന്നു ഞങ്ങള്‍ ചെയ്തത്. പിന്നീടെപ്പോഴെങ്കിലും തിരിച്ചു വന്ന് അത് നന്ദാ ദേവി ശിഖരത്തിനടുത്തേക്ക് കൊണ്ടു പോകാമെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. 1966-ല്‍ ക്യാമ്പ് നാല് നടുത്തുള്ള അതേ സ്ഥലത്തേക്ക് ഞങ്ങള്‍ അതിനായി പോയി. പക്ഷെ ജനറേറ്റര്‍ അവിടെ കാണാന്‍ ഉണ്ടായിരുന്നില്ല. ആൻ്റിനയും മറ്റ് യന്ത്രഭാഗങ്ങളും ഒക്കെ കണ്ടെത്തിയെങ്കിലും മുഖ്യഭാഗമായ ആണവോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ജനറേറ്റര്‍ അപ്രത്യക്ഷമായിരുന്നു. ഹിരോഷിമയില്‍ പൊട്ടിതെറിച്ച ആണവ ബോംബിന്റെ പാതി വീര്യമുണ്ടായിരുന്ന ആണവോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന 7 ക്യാപ്‌സ്യൂളുകള്‍ ഉള്ള ജനറേറ്ററായിരുന്നു അതെന്നതിനാല്‍ അന്ന് വലിയ ഭയാശങ്കകള്‍ ഉയര്‍ന്നിരുന്നു.''