ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ വീണ്ടും കേന്ദ്ര സര്‍ക്കാര്‍. ബംഗാളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ മടക്കിയയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാത്തത് അനീതിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാന് അയച്ച കത്തില്‍ പറഞ്ഞു. ലോക്ക് ഡൗണിനെ തുടര്‍ന്ന് മറ്റ് സംസ്ഥനങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ തിരിച്ചയക്കാന്‍ സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിച്ച സാഹചര്യത്തിലാണ് ബംഗാള്‍ സര്‍ക്കാര്‍ കേന്ദ്രത്തോട് സഹകരിക്കുന്നില്ലെന്ന ആക്ഷേപം മന്ത്രാലയം ഉയര്‍ത്തുന്നത്.
അതിഥി തൊഴിലാളികളോട് മമത സര്‍ക്കാര്‍ ചെയ്യുന്നത് അനീതിയെന്ന് കേന്ദ്രം - Shah writes to Mamata
ലോക്ക് ഡൗണിനെ തുടര്‍ന്ന് ബംഗാളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ തിരിച്ചയക്കാന്‍ ട്രെയില്‍ സര്‍വീസ് അനുവദിക്കാന്‍ മമത സര്‍ക്കാര്‍ തടസം നില്‍ക്കുന്നതായി കേന്ദ്രം.
മമത സര്‍ക്കാര്‍ അതിഥി തൊഴിലാളികളെ കൂടുതല്‍ പ്രയാസത്തിലാക്കിയിരിക്കുകയാണെന്നും കേന്ദ്രം പറഞ്ഞു. നേരത്തെ ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തി വഴി അവശ്യസാധനങ്ങളുടെ ഗതാഗതം മമത സര്‍ക്കാര്‍ അനുവദിച്ചില്ലെന്നാരോപിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. ചരക്ക് സ്വതന്ത്രമായി കൊണ്ടുപോകുന്നതിന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന്‍റെ ആവർത്തിച്ചുള്ള നിർദേശങ്ങൾ നടപ്പാക്കിയിട്ടില്ലെന്നും ഇത് ദുരന്തനിവാരണ നിയമത്തിന്‍റെ ലംഘനമാണെന്നും ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ മുന്നറിയിപ്പ് നല്‍കിയിരുന്നു.