ന്യൂഡൽഹി: സിന്ധ്, തിക്രി അതിർത്തിയിൽ പ്രതിഷേധം തുടരുന്ന കർഷകരുമായി ഉടനടി ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കാർഷിക നിയമങ്ങൾക്കെതിരെ തുടർച്ചയായ നാലാം ദിവസവും കർഷകർ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് പ്രതികരണം. കർഷക പ്രതിഷേധത്തെ നേരത്തെ ആം ആദ്‌മി പാർട്ടി പിന്തുണച്ചിരുന്നു. ട്വിറ്ററിലൂടെയാണ് ഡൽഹി മുഖ്യമന്ത്രിയുടെ പ്രതികരണം.
കർഷകരുമായി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ചര്‍ച്ച നടത്തണമെന്ന് അരവിന്ദ് കെജ്‌രിവാള്‍ - ആം ആദ്‌മി പാർട്ടി
കാർഷിക നിയമങ്ങൾക്കെതിരെ തുടർച്ചയായ നാലാം ദിവസവും കർഷകർ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഡൽഹി മുഖ്യമന്ത്രിയുടെ പ്രതികരണം. ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹി വിട്ട് പോയത് നിരുത്തരവാദിത്വം ആണെന്ന് ആം ആദ്‌മി നേതാവും മുഖ്യ വക്താവുമായ സൗരഭ് ഭരദ്വാജ്
അതേസമയം ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹി വിട്ട് പോയത് നിരുത്തരവാദിത്വം ആണെന്ന് ആം ആദ്‌മി നേതാവും മുഖ്യ വക്താവുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. ഹൈദരാബാദ് റോഡ്ഷോയിൽ വൻതോതിൽ പൊതുജനപങ്കാളിത്തമുണ്ടെന്നും സാമൂഹിക അകലം പാലിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രതിഷേധക്കാർ കൂട്ടം കൂടുന്നത് കൊവിഡ് കേസുകൾ വർധിക്കാൻ കാരണമാകുമെന്ന് പറഞ്ഞ അമിത് ഷാ റോഡ്ഷോയിൽ വൻതോതിൽ ജനങ്ങൾ കൂട്ടം കൂടുന്നത് തടയുന്നില്ലെന്നും ഭരദ്വാജ് പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തികഞ്ഞ കാപട്യമാണിതെന്ന് ആം ആദ്‌മി പാർട്ടി വിശ്വസിക്കുന്നു. ഇത്തരം നിരുത്തരവാദപരമായ നടപടിയെ അപലപിക്കുന്നു. അത്തരമൊരു ആഭ്യന്തരമന്ത്രി ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ അപകടകരമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഗുരുതരമായ സാഹചര്യത്തിൽ നമ്മുടെ രാജ്യത്തെ ആഭ്യന്തരമന്ത്രി ഡൽഹിയിലല്ല, ഹൈദരാബാദിലാണ്. ഹൈദരാബാദ് മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം പത്രസമ്മേളനം നടത്തുന്നു. നമ്മുടെ രാജ്യത്തെ ആഭ്യന്തരമന്ത്രി ഹൈദരാബാദ് കൗൺസിലർമാർക്കായി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.