ന്യൂഡൽഹി: അജ്ഞാത രോഗം ബാധിച്ച് ആന്ധ്രയിൽ നിരവധി കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ആന്ധ്രാപ്രദേശിലെ എലൂരുവിലേക്ക് കേന്ദ്ര സർക്കാർ മൂന്നംഗ വിദഗ്ധ സംഘത്തെ അയച്ചു. കുട്ടികളിൽ തലവേദന, ഛർദി, തലക്കറക്കം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. എന്നാൽ രോഗകാരണം വ്യക്തമല്ല. വിഷയം സംബന്ധിച്ച് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ നേരിട്ടറിയിക്കുകയായിരുന്നു.
മൂന്നംഗ മെഡിക്കൽ വിദഗ്ധരുടെ സംഘത്തിൽ എയിംസിൽ നിന്നുള്ള അസോസിയേറ്റ് പ്രൊഫസർ (എമർജൻസി മെഡിസിൻ) ഡോ. ജംഷെഡ് നായർ, എൻഐവി പുണെ വൈറോളജിസ്റ്റ് ഡോ. അവിനാശ് ദിയോഷ്ടാവർ, എൻസിഡിസി പിഎച്ച് വിദഗ്ദൻ ഡോ. സങ്കേത് കുൽകർണി എന്നിവർ ഉൾപ്പെടുന്നു.
മുന്നൂറിലധികം കുട്ടികൾ രോഗബാധിതരാണെന്ന റിപ്പോർട്ടിനെ തുടർന്ന് ഉപരാഷ്ട്രപതി ജില്ലാ കലക്ടറുമായി നേരിട്ട് സംസാരിച്ചു. പിന്നീട് മംഗലഗിരിയിലെ എയിംസ് ഡയറക്ടറുമായും എയിംസ് ഡൽഹി ഡയറക്ടറുമായും സംസാരിച്ച അദ്ദേഹം കുട്ടികളുടെ രക്തസാമ്പിളുകൾ ഡൽഹിയിലേക്ക് അയക്കാൻ ആവശ്യപ്പെട്ടു. കൂടാതെ കുട്ടികൾക്ക് രോഗനിർണയം നടത്താനും ചികിത്സ നൽകാനും ആവശ്യമായ എല്ലാ സഹായങ്ങളും നൽകണമെന്നും അദ്ദേഹം അറിയിച്ചു. ലാബ് റിപ്പോർട്ടുകൾ ലഭിച്ചുകഴിഞ്ഞാൽ രോഗകാരണം കണ്ടെത്താൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
കുട്ടികൾക്കിടയിലെ അസുഖത്തിന്‍റെ കാരണങ്ങൾ കണ്ടെത്താൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ജില്ലാ കലക്ടർ രേവ മുത്യാല രാജു ഉപരാഷ്ട്രപതിയെ അറിയിച്ചു. വീടുതോറും സർവേ നടത്തുന്നുണ്ടെന്നും ഗുണ്ടൂർ, കൃഷ്ണ ജില്ലകളിൽ നിന്നുള്ള മെഡിക്കൽ ടീമുകളെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എയിംസിലെ വിഷ നിയന്ത്രണ സംഘം എലൂരുവിലെ ഡോക്ടർമാരുമായി ചർച്ച നടത്തിയതായും അദ്ദേഹം ഉപരാഷ്ട്രപതിയെ അറിയിച്ചു.
വെസ്റ്റ് ഗോദാവരി ജില്ലാ കലക്ടർ പുറത്തുവിട്ട റിപ്പോർട്ടിൽ 340 പേർക്കാണ് നിലവിൽ രോഗബാധ. ഇതിൽ 157 പേർ ഇപ്പോഴും ചികിത്സയിലാണ്. ഒരാൾ മരിച്ചു. 168 പേരെ ഡിസ്ചാർജ് ചെയ്തു.