ന്യൂഡൽഹി: 2021 ജൂലൈ-ഓഗസ്റ്റ് മാസത്തോടെ 25-30 കോടി ആളുകളിലേക്ക് കൊവിഡ് വാക്സിൻ എത്തിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. എന്നിരുന്നാലും എല്ലാവരും മാസ്‌ക്ക് ഉപയോഗിക്കണമെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇതേ തുടർന്ന് അദ്ദേഹം ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനിൽ മാസ്ക്കുകളും സോപ്പുകളും വിതരണം ചെയ്‌തു.
2021 പകുതിയോടെ 25-30 കോടി ആളുകളിലേക്ക് കൊവിഡ് വാക്സിനെത്തിക്കും: ഹർഷ് വർധൻ - harsh vardhan
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശങ്ങളിലൂടെ മുന്നോട്ടു പോയതിനാൽ മാസ്ക്കുകളുടെയും പിപിഇ കിറ്റുകളുടെയും വെന്‍റിലേറ്ററുകളുടെയും നിർമാണത്തിൽ ഇന്ത്യ സ്വയം പര്യാപ്‌തത കൈവരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രി
ലോകത്തെ ഏറ്റവും ഉയർന്ന രോഗമുക്തി നിരക്ക് ഇന്ത്യയിലാണെന്നും തുടക്കത്തിൽ കൊവിഡ് പരിശോധനയ്ക്കായി ഒരു ലാബ് ഉണ്ടായിരുന്നിടത്ത് നിലവിൽ 2,165 ലാബുകളുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ദിവസേന ഒരു ദശലക്ഷത്തിലധികം ആളുകളെ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശങ്ങളിലൂടെ മുന്നോട്ടു പോയതിനാൽ മാസ്ക്കുകളുടെയും പിപിഇ കിറ്റുകളുടെയും വെന്‍റിലേറ്ററുകളുടെയും നിർമാണത്തിൽ ഇന്ത്യ സ്വയം പര്യാപ്‌തത കൈവരിച്ചതായും ഹർഷ് വർധൻ വ്യക്തമാക്കി. 10 ലക്ഷത്തിലധികം പിപിഇ കിറ്റുകളാണ് രാജ്യത്ത് ദിനംപ്രതി നിർമിക്കുന്നതെന്നും നിലവിൽ നമ്മുടെ ശാസ്ത്രജ്ഞന്മാരുടെ പരിശ്രമത്തിലൂടെ കൃത്യ സമയത്ത് കൊവിഡ് വാക്‌സിനും എത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ആകെ 94,31,962 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഇതിൽ 4,46,952 സജീവ കൊവിഡ് കേസുകളുണ്ട്. 88,47,600 പേർ രാജ്യത്ത് ഇതുവരെ കൊവിഡ് മുക്തരായി. 443 പേർ കൂടി കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണനിരക്ക് 1,37,139 ആയി.