ന്യൂഡല്‍ഹി: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പരാതി ലഭിച്ചാൽ ഉടൻ കേസ് രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. പരാതി ലഭിച്ച് രണ്ടുമാസത്തിനുള്ളിൽ കേസ് അന്വേഷണം പൂർത്തിയാക്കണമെന്നും അന്വേഷണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
സ്ത്രീകൾക്കെതിരെ അതിക്രമം; പരാതി ലഭിച്ചാലുടൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര നിർദേശം
സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും അവർക്കെതിരായ കുറ്റകൃത്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് പുതിയ നിർദേശം നൽകി.
സ്ത്രീകളുടെ പരാതിയിൽ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ നിയമനടപടി സ്വീകരിക്കണം. ഇത്തരം കേസുകളിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെയോ മറ്റ് സംസ്ഥാനങ്ങളുടെയോ സഹായം ആവശ്യപ്പെടാം. ഇതിനായി രൂപീകരിച്ച പോർട്ടലായ "ഐടിഎസ്എസ്ഒ' വഴി സഹായം തേടാമെന്നും സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ കേന്ദ്രം വ്യക്തമാക്കി. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ഇരകളെ വൈദ്യശാസ്ത്ര പരിശോധനയ്ക്ക് വിധേയരാക്കണം. തെളിവ് ശേഖരണത്തിൽ കൃത്യവും ശാസ്ത്രിയവുമായ മാനദണ്ഡങ്ങൾ പാലിക്കണം. പരാതികളിൽ നടപടി സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് മേലധികാരികൾ ഉറപ്പ് വരുത്തണമെന്നും കേന്ദ്രം നിർദേശിച്ചു.