ന്യൂഡൽഹി:രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി അഞ്ച് മിനിറ്റിനിടയിൽ പോസ്റ്റ് ചെയ്ത രണ്ട് ട്വിറ്റുകൾ കേന്ദ്രതലത്തിൽ ചർച്ചയായി.കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിനെതിരെ വിമർശനവുമായി എംപി രംഗത്തെത്തിയിരുന്നു.
പട്ടിണിയിലായ കുടിയേറ്റ തൊഴിലാളികളിൽ നിന്ന് റെയിൽവേ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് എത്ര മോശമാണ്! വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ എയർ ഇന്ത്യ സൗജന്യമായി തിരികെ കൊണ്ടുവന്നു. റെയിൽവേ യാത്ര നിരസിച്ചാൽ പിഎം ഫണ്ടിൽ നിന്ന് പണം നൽകണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
എന്നാൽ മിനിറ്റുകൾക്കുള്ളിൽ കുടിയേറ്റ തൊഴിലാളികളിൽ നിന്ന് നിരക്ക് ഈടാക്കില്ലെന്ന് റെയിൽവേ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയതും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതോടെയാണ് ഒരേ വിഷയത്തിൽ രണ്ട് വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കുവെച്ച സ്വാമിയുടെ ട്വീറ്റ് ചർച്ചയായത്.
ട്രെയിൻ ടിക്കറ്റുകൾക്കായി സംസ്ഥാന സർക്കാരുകളിൽ നിന്ന് നിരക്ക് ഈടാക്കുന്നുണ്ടെന്നും റെയിൽവേ ഒരു വ്യക്തിയിൽ നിന്നും ടിക്കറ്റ് നിരക്ക് ഈടാക്കില്ലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. മെയ് 1 മുതലാണ് തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി റെയിൽവേ ഷ്രാമിക് സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിച്ചത്.