ന്യൂഡൽഹി: പുതിയ പാർലമെന്‍റ് കെട്ടിടം പണിയുന്നതിനുള്ള കരാർ ലഭിച്ച ഏഴ് കമ്പനികളിൽ നിന്ന് മൂന്നെണ്ണം ഓൺലൈൻ സാമ്പത്തിക ബിഡ് സമർപ്പിക്കാൻ തെരഞ്ഞെടുത്തതായി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ലാർസൻ ആൻഡ് ടർബ്രോ (എൽ ആൻഡ് ടി), ഷാപൂർജി പല്ലോഞ്ചി ആൻഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ടാറ്റ പ്രോജക്ട്സ് ലിമിറ്റഡ് എന്നിവയോടാണ് ഓൺലൈൻ ബിഡ് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ തലസ്ഥാനത്തെ പാർലമെന്‍റ് ഹൗസ് സ്റ്റേറ്റിന്‍റെ 118-ാം നമ്പർ പ്ലോട്ടിലാണ് പുതിയ പാർലമെന്‍റ് കെട്ടിടം നിർമിക്കുക. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ കീഴിലാണ് നിർമാണം.
ഓഗസ്റ്റ് 10ലെ സിപിഡബ്ല്യുഡിയുടെ അനുബന്ധം കത്ത് 23 പ്രകാരം, ആകെ ഏഴ് ടെണ്ടറുകളാണ് ലഭിച്ചത്. ടെണ്ടറുകൾ ജൂലൈ 14ന് തുറക്കുകയും യോഗ്യതയുടെ പ്രാരംഭ വ്യവസ്ഥകൾ അനുസരിച്ച് പരിശോധിക്കുകയും ചെയ്തു. രേഖകളുടെ വിലയിരുത്തലിന്‍റെയും സൂക്ഷ്മപരിശോധനയുടെയും അടിസ്ഥാനത്തിൽ, സാമ്പത്തിക ബിഡ് സമർപ്പിക്കാൻ കഴിയുന്ന മൂന്ന് കമ്പനികളെ കേന്ദ്ര ഏജൻസി തെരഞ്ഞെടുത്തു.