കൊൽക്കത്തയിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് കേന്ദ്ര സംഘം
ചുഴലിക്കാറ്റിൽ ദക്ഷിണ ബംഗാളിലെ വിവിധ ജില്ലകളിലായി 98 പേരാണ് മരിച്ചത്.
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങൾ സന്ദർശിച്ച് കേന്ദ്ര സംഘം. പർഗനാസ് ജില്ലയിലെ വിവിധ പ്രദേശങ്ങളാണ് സംഘം പ്രധാനമായും സന്ദർശനം നടത്തിയത്. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി അനൂജ് ശർമയുടെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് ത്രിദിന സന്ദർശനത്തിനായി വ്യാഴാഴ്ച വൈകിട്ട് കൊൽക്കത്തയിലെത്തിയത്. സംഘത്തെ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഒരു വിഭാഗം സൗത്ത് 24 പർഗാനാസിലെ പതർ പ്രതിമ സന്ദർശിക്കുമ്പോൾ, രണ്ടാം വിഭാഗം നോർത്ത് 24 പർഗനാസിലെ സന്ദേശ്ഖാലിയിലേക്ക് തിരിച്ചു. സംഘം ഏരിയൽ സർവേയും ഗ്രൗണ്ട് അസസ്മെന്‍റും നടത്താൻ സാധ്യതയുണ്ട്. സംഘം
സൗത്ത് 24 പർഗാനാസിലെ നംഖാന, നോർത്ത് 24 പർഗാനാസിലെ ഹിംഗൽഗഞ്ച്, ബസിർഹട്ട് എന്നിവിടങ്ങളും സന്ദർശിക്കുമെന്ന് അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റിൽ ദക്ഷിണ ബംഗാളിലെ വിവിധ ജില്ലകളിലായി 98 പേരാണ് മരിച്ചത്. പ്രകൃതി ദുരന്തത്തിൽ സംസ്ഥാനത്തിന് ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.