കൊൽക്കത്ത:ഉംപുൻ ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ച പ്രദേശങ്ങളെ വിലയിരുത്താൻ അന്തർ മന്ത്രാലയ കേന്ദ്ര സംഘം (ഐഎംസിടി) പശ്ചിമ ബംഗാളിൽ എത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി (സൈബർ, ഇൻഫർമേഷൻ സെക്യൂരിറ്റി) അനുജ് ശർമയുടെ നേതൃത്വത്തിലുള്ള ഏഴ് അംഗ സംഘമാണ് വടക്ക്, തെക്ക് 24 പർഗാന ജില്ലകളിൽ എത്തുന്നത്.
ഉംപുൻ ചുഴലിക്കാറ്റ്; ബംഗാളിലെ ദുരന്ത ബാധിത പ്രദേശങ്ങൾ കേന്ദ്ര സംഘം സന്ദർശിക്കും
ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഏഴ് അംഗ അന്തർ മന്ത്രാലയ സംഘം വ്യാഴാഴ്‌ച പശ്ചിമ ബംഗാൾ സന്ദർശിക്കും. ജോയിന്‍റ് സെക്രട്ടറി എംഎച്ച്എ അനുജ് ശർമയാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്.
ഐഎംസിടി അംഗങ്ങൾ തെക്കൻ 24 പർഗാനാസ് ജില്ലകളിലെ പതർപ്രതിമ, നംഖാന, നോർത്ത് എന്നിവിടങ്ങളിലും 24 പർഗാനാസ് ജില്ലയിലെ ഹിംഗൽഗഞ്ച്, ബസിർഹട്ട് എന്നിവിടങ്ങളിലും സർവേ നടത്തും. ഉംപുൻ ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങൾ ഉണ്ടായ എട്ട് ജില്ലകളെ സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന സർക്കാർ വിലയിരുത്തിയിട്ടുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഐഎംസിടി അംഗങ്ങൾ ഡല്‍ഹിയിലേക്ക് മടങ്ങുന്നതിന് മുമ്പ് ചീഫ് സെക്രട്ടറി രാജിവ സിൻഹയെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും കാണുമെന്നും അധികൃതർ അറിയിച്ചു.
കൃഷി, കർഷകക്ഷേമ മന്ത്രാലയം, ഫിഷറീസ് വകുപ്പ്, ജൽ ശക്തി മന്ത്രാലയം, വൈദ്യുതി മന്ത്രാലയം, ഗതാഗത മന്ത്രാലയം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും കേന്ദ്ര സംഘത്തിലുണ്ട്.ദുരിതാശ്വാസത്തിനും പുനഃസ്ഥാപനത്തിനുമായി ദേശീയ ദുരന്ത നിവാരണ ഫണ്ടിന് കീഴിൽ സംസ്ഥാന സർക്കാരിന് 1,000 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. ഐഎംസിടി സർവേ റിപ്പോർട്ട് പരിഗണിച്ചാവും സംസ്ഥാനത്തിന് കൂടുതൽ ധനസഹായം നൽകുന്നത് പരിഗണിക്കുക.