ന്യൂഡൽഹി:കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ തിരികെ ജോലിയിൽ പ്രവേശിച്ചു. ഏപ്രിൽ 20 മുതൽ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ 100 ശതമാനം ഹാജർ നിർബന്ധമാണെന്ന് കേന്ദ്ര മന്ത്രാലയം ഉത്തരവിട്ടിരുന്നു. ലോവർ റാങ്കിലുള്ള 33 ശതമാനം ഉദ്യോഗസ്ഥർ ഓഫീസിലേക്ക് എത്തണമെന്നും ഉത്തരവുണ്ട്.
തിങ്കളാഴ്ച രാവിലെ 9.30ന് ന്യൂഡൽഹിയിലെ ശാസ്ത്ര ഭവനിലും മറ്റ് കേന്ദ്ര സർക്കാർ ഓഫീസുകളിലും ഉദ്യോഗസ്ഥർ എത്തി. അതത് ഓഫീസുകളിൽ ഡ്യൂട്ടി പുനരാരംഭിക്കുന്ന എല്ലാ ജീവനക്കാരെയും താപ പരിശോധനയ്ക്ക് വിധേയരാക്കി.
വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ രാവിലെ 11 ന് ശാസ്ത്ര ഭവനിലെ ഓഫീസിലെത്തി സെക്രട്ടറി രാജീവ് മിത്തൽ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയെ കൂടാതെ സെക്രട്ടറി പദവിക്ക് മുകളിലുള്ള ഉദ്യോഗസ്ഥരും മന്ത്രാലയത്തിൽ എത്തി. അണ്ടർ സെക്രട്ടറി റാങ്കിൽ താഴെയുള്ള ഉദ്യോഗസ്ഥരെ ഇടവിട്ട ദിവസങ്ങളിൽ ഡ്യൂട്ടിക്ക് വിളിക്കും.
മുഴുവൻ ജീവനക്കാരിൽ 33 ശതമാനം പേർ മാത്രമാണ് ഓഫീസുകളിൽ ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതുകൂടാതെ, അണ്ടർ സെക്രട്ടറി മുതൽ ഡയറക്ടർ പദവിയിലുള്ള ഉദ്യോഗസ്ഥർ ആവശ്യാനുസരണം ഓഫീസിലേക്ക് വരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, സ്വന്തമായി വാഹനങ്ങളോ സമീപത്ത് താമസിക്കുന്നവരോ ഓഫീസുകളിലേക്ക് എത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
സായുധ സേന, ആരോഗ്യം, കുടുംബക്ഷേമം, ദുരന്ത നിവാരണം, കാലാവസ്ഥാ വകുപ്പ്, കേന്ദ്ര വിവര കമ്മിഷൻ, എഫ്‌സിഐ, എൻസിസി, നെഹ്രു യുവേന്ദ്ര, കസ്റ്റം ഓഫീസുകൾ എന്നിവിടങ്ങളിലെ ജോലികൾ പതിവുപോലെ തുടരും. .
ഇതുകൂടാതെ, പൊലീസ്, ഹോം ഗാർഡ്സ്, സിവിൽ ഡിഫൻസ്, ഫയർ ആൻഡ് എമർജൻസി സർവീസ്, ഡിസാസ്റ്റർ മാനേജ്മെന്‍റ്, ജയിലുകൾ എന്നിവരും ജോലിയിൽ തുടരും. സംസ്ഥാനങ്ങളിലെ മറ്റ് വകുപ്പുകൾ പരിമിതമായ ഉദ്യോഗസ്ഥരുമായി പ്രവർത്തിക്കും. ആവശ്യമെങ്കിൽ ഗ്രൂപ്പ് എ, ബി ഓഫീസർമാർ ഓഫീസിലെത്തും. പരിമിതമായ എണ്ണം ജീവനക്കാരുമായി ജില്ലാ ഭരണകൂടവും ട്രഷറിയും പ്രവർത്തിക്കും. എന്നിരുന്നാലും, അവശ്യ സേവനങ്ങൾ നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരെ ഒഴിവാക്കും.