ന്യൂഡൽഹി: സ്വർണക്കടത്ത് സംബന്ധിച്ച വിശദാംശങ്ങളുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം. തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കടത്ത് യുഎഇ കോൺസുലേറ്റ് പ്രതിനിധിയുടെ പേരിൽ നയതന്ത്ര ബാഗേജിലൂടെ തന്നെയാണെന്ന് കേന്ദ്ര ധനമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ കള്ളക്കടത്ത് നടന്നത് ഡിപ്ലോമാറ്റിക് ബാഗിലൂടെയല്ലെന്ന വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ വാദമാണ് കേന്ദ്രം തിരുത്തിയത്. കേസിലെ മുഖ്യപ്രതിക്ക് ഉന്നത ബന്ധമുള്ളതായും കേന്ദ്ര സർക്കാർ പുറത്തുവിട്ട രേഖയിൽ വ്യക്തമാക്കുന്നു. അന്വേഷണം ഫലപ്രദമായ രീതിയിൽ നടക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചതായും അന്വേഷണത്തിനെ ബാധിക്കുമെന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
സ്വർണക്കടത്ത് നയതന്ത്ര ബാഗിലൂടെ; മുഖ്യപ്രതിക്ക് ഉന്നത ബന്ധമെന്നും കേന്ദ്രം
അന്വേഷണം ഫലപ്രദമായ രീതിയിൽ നടക്കുന്നുണ്ടെന്നും അന്വേഷണത്തിനെ ബാധിക്കുമെന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും കേന്ദ്ര സർക്കാർ
ആന്‍റോ ആന്‍റണി, എൻ.കെ പ്രേമചന്ദ്രൻ, ഡീൻ കുര്യോക്കോസ് എന്നീ എംപിമാർ സ്വർണക്കടത്ത് സംബന്ധിച്ച് സമർപ്പിച്ച ചോദ്യത്തിനാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം രേഖാമൂലം മറുപടി നൽകിയത്.
കംസ്റ്റംസ് നടത്തിയ പരിശോധനയിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 30 കിലോ സ്വർണം കണ്ടെത്തിയതിനെ തുടർന്ന് ദേശീയ അന്വേഷണ ഏജൻസിയും കസ്റ്റംസും അന്വേഷണം ആരംഭിച്ചിരുന്നു. കസ്റ്റംസ് നിയമ പ്രകാരം 16 പേരെ ഇതിനോടകം കേസിൽ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും കേന്ദ്ര സർക്കാർ രേഖാമൂലം വ്യക്തമാക്കി.