ന്യൂഡല്‍ഹി: രാജ്യത്ത് ഇ-സിഗരറ്റുകള്‍ നിരോധിക്കാനുണ്ടായ സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ ഇന്ന് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അറിയിക്കും. ഇ-സിഗരറ്റുകള്‍ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും. ഈ സാഹചര്യത്തിലാണ് കേന്ദ്രം കോടതിയില്‍ നിലപാട് വ്യക്തമാക്കുക. സെപ്റ്റംബര്‍ 18ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് രാജ്യത്ത് ഇ-സിഗരറ്റുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചത്.
ഇ-സിഗരറ്റ്; കോടതിയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രം
സെപ്റ്റംബര്‍ 18ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് രാജ്യത്ത് ഇ-സിഗരറ്റുകള്‍ നിരോധിച്ചത്.
ഇ-സിഗരറ്റിന് നിരോധനം ഏര്‍പ്പെടുത്തിയതിലൂടെ ഇവയുടെ നിര്‍മാണം, ഉത്പ്പാദനം, ഇറക്കുമതി, കയറ്റുമതി, വില്‍പ്പന, വിതരണം, സംഭരണം എന്നിവയ്ക്കും നിരോധനം ബാധകമായിരിക്കുകയാണ്. ഇ-സിഗരറ്റ് നിരോധനത്തിലൂടെ 2028 കോടി രൂപയുടെ ലാഭം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. 150 ഓളം വ്യത്യസ്‌ത രുചികളിൽ 400 ഓളം ബ്രാന്‍റുകൾ രാജ്യത്ത് ലഭ്യമാണ്. യുവാക്കളടക്കം വ്യാപകമായി ഇ-സിഗരറ്റ് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇവ നിരോധിക്കാനുള്ള തീരുമാനം എടുത്തത്.