കേന്ദ്ര സര്‍ക്കാര്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി ബജറ്റില്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ പദ്ധതിയില്‍ 40 വയസ്സ് കഴിഞ്ഞവര്‍ക്ക് ചേരാനാകില്ല. ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ശ്രംയോഗി മാന്‍ധന്‍ പദ്ധതിക്കായി കേന്ദ്ര തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നാല്‍പ്പത് വയസ്സ് കഴിഞ്ഞവരെ പുറത്താക്കി കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ പെന്‍ഷന്‍ പദ്ധതി - സര്‍ക്കാര്‍ വിഹിതം
ആദായ നികുതി നല്‍കുന്നവരെയും മറ്റ് പെന്‍ഷന്‍ പദ്ധതികളില്‍ അംഗമായവരെയും സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫെബ്രുവരി 15 മുതല്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
വഴിയോര കച്ചവടക്കാര്‍, വീട്ടുജോലിക്കാര്‍, ബീഡി, കൈത്തറി, തുകല്‍ ചൂള മേഖലയിലെ തൊഴിലാളികൾ ഉള്‍പ്പടെ എല്ലാവിധ അസംഘടിത തൊഴിലാളികള്‍ക്കും പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളാകാം. എന്നാൽ പ്രതിമാസം 15,000 രൂപയില്‍ കൂടുതല്‍ വരുമാനമുളളവര്‍ക്ക് പദ്ധതിയില്‍ ചേരാന്‍ കഴിയില്ല. സര്‍ക്കാര്‍ വിഹിതം നല്‍കുന്ന ഏതെങ്കിലും പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കില്ല.
പെന്‍ഷന്‍ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ മാസം 3,000 രൂപ വച്ച് പെന്‍ഷനായി ലഭിക്കും. ഭാര്യയ്ക്ക് ഭര്‍ത്താവിനെയും ഭര്‍ത്താവിന് ഭാര്യയെയും പരസ്പരം നോമിനിയാക്കാമെങ്കിലും കുട്ടികളെ നോമിനിയാക്കാന്‍ കഴിയില്ല. ഇത് മൂലം പെന്‍ഷന്‍ ലഭിക്കുന്ന വ്യക്തിയുടെ മക്കള്‍ക്ക് ആനുകൂല്യം ലഭിക്കില്ല. പ്രതിമാസ വിഹിതം അടയ്ക്കുന്നതിന് മുടക്കം വന്നാല്‍ കുടിശിക പലിശ സഹിതം അടയ്ക്കാം.