ഭാരതത്തിന്‍റെ പ്രഥമ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമര ചരിത്രത്തിലെ മുന്നണി പോരാളിയുമായ ജവഹർലാൽ നെഹ്‌റുവിന്‍റെ ജന്മദിനമാണ് ഇന്ന്. കുട്ടികളുടെ ചാച്ചാജിക്ക് ഇന്നേ ദിവസം ഓർമപൂക്കൾ സമർപിച്ച് ഭാരതമൊട്ടാകെ ശിശുദിനാഘോഷങ്ങൾ നടക്കുകയാണ്. രാഷ്‌ട്രീയ തത്വചിന്തകനും ചരിത്രകാരനുമായ അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകളും, കുട്ടികളോടുള്ള അദ്ദേഹത്തിന്‍റെ വാത്സല്യവുമാണ് അവരുടെ പ്രിയ ചാച്ചാജിയുടെ ജന്മദിനത്തിൽ ശിശുദിനം ആഘോഷിക്കാൻ കാരണമായത്. 1889 നവംബര്‍ 14-നായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. കുട്ടികളെ ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വാർത്തെടുക്കുന്നതിനും അവരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്‌ദമുയർത്തുന്നതിനും ശിശുക്ഷേമ പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകുന്നതിനായി സംഘടിപ്പിക്കുന്ന ദിനാചരണമാണ് ശിശുദിനം.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നീ നിലയിൽ ആധുനിക ഇന്ത്യയെ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായിട്ടുള്ള നെഹ്രുവിന്‍റെ നടപടികൾ ഏറെ പ്രശംസനീയമാണ്. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ എന്ന ഉറച്ചവിശ്വാസമുള്ളയാളായിരുന്നു നെഹ്‌റു. അതുകൊണ്ടു തന്നെ വിദ്യാഭ്യാസ രംഗത്ത് നവീനമായ ആശയങ്ങൾ നെഹ്‌റുവിന്‍റെ കാലഘട്ടത്തിൽ അവതരിപ്പിക്കപ്പെട്ടു. ഉന്നതവിദ്യാഭ്യാസത്തിനായുള്ള നിരവധി സ്ഥാപനങ്ങൾ സ്ഥാപിച്ചത് അദ്ദേഹത്തിന്‍റെ ഭരണകാലത്താണ്. പ്രാഥമികവിദ്യാഭ്യാസം പൂർണമായും സൗജന്യമാക്കി. ഗ്രാമങ്ങൾതോറും ആയിരക്കണക്കിന് വിദ്യാലയങ്ങൾ നിർമ്മിച്ചു. കുട്ടികൾക്കായുള്ള പോഷകാഹാരക്കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നൽകുന്ന പദ്ധതിക്കും അദ്ദേഹത്തിന്റെ കാലത്ത് തുടക്കമിട്ടു. വയോജനവിദ്യാഭ്യാസത്തിനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും പ്രാമുഖ്യം നൽകി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങിയ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളെല്ലാം തുടങ്ങിയത് നെഹ്‌റു ഇന്ത്യയെ നയിച്ചിരുന്ന കാലത്താണ്.