ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ അതിര്‍ത്തി നിയന്ത്രണ രേഖയിലെ (എല്‍എസി) സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സംയുക്ത സൈനിക മേധാവി (സിഡിഎസ്) ജനറൽ ബിപിൻ റാവത്തുമായും മൂന്ന് സേന മേധാവികളുമായും കൂടിക്കാഴ്‌ച നടത്തി. ജൂൺ ആറിന് ഇന്ത്യയുടെയും ചൈനയുടെയും സൈനിക മേധാവികളുമായി നടന്ന യോഗത്തെക്കുറിച്ചും രാജ്‌നാഥ് സിങ് വിശദീകരിച്ചു. ഇന്ത്യയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന പ്രശ്‌നങ്ങളെ നേരിടാൻ ഒരു കര്‍മ പദ്ധതി തയ്യാറാക്കാൻ അദ്ദേഹം നിര്‍ദേശിച്ചു. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്‌ചയില്‍ അതിര്‍ത്തിയില്‍ സ്വീകരിക്കുന്ന തുടർനടപടികളെക്കുറിച്ച് ബിപിൻ റാവത്ത് പ്രതിരോധ മന്ത്രിയോട് വിശദീകരിച്ചു.
സംയുക്ത സൈനിക മേധാവിയുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കൂടിക്കാഴ്‌ച നടത്തി - കേന്ദ്ര പ്രതിരോധമന്ത്രി
ഒരു മണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്‌ചയില്‍ അതിര്‍ത്തിയില്‍ സ്വീകരിക്കുന്ന തുടർനടപടികളെക്കുറിച്ച് ബിപിൻ റാവത്ത് പ്രതിരോധ മന്ത്രിയോട് വിശദീകരിച്ചു
വിവിധ ഉഭയകക്ഷി കരാറുകളെത്തുടർന്ന് ലഡാക്കിലെ സ്ഥിതിഗതികൾ സമാധാനപരമായി പരിഹരിക്കാൻ ഇന്ത്യയും ചൈനയും സമ്മതിച്ചതായി ഞായറാഴ്ച വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സംഘര്‍ഷം പരിഹരിക്കാന്‍ സൈനിക- നയതന്ത്ര ചര്‍ച്ചകള്‍ തുടരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും സൈനിക പ്രതിനിധികൾ തമ്മിൽ ശനിയാഴ്ച നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ചുഷുൽ-മോൾഡോ മേഖലയില്‍ നടന്ന ചര്‍ച്ച സൗഹാര്‍ദപരമായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധത്തിന് അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും സംഘര്‍ഷരഹിത അന്തരീക്ഷവും അനിവാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.