ലക്‌നൗ: ഹത്രാസ് കൂട്ട ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ നഷ്‌ടമായി. സെപ്‌റ്റംബര്‍ 14ന് പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളാണ് നഷ്‌ടപ്പെട്ടിരിക്കുന്നത്. പൊലീസ് ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ചേനെയെന്ന് ഹത്രാസ് ജില്ലാ ആശുപത്രി ചീഫ് മെഡിക്കല്‍ സുപ്രണ്ട് ഇന്ദ്ര വീര്‍ സിങ് പറഞ്ഞു. ഏഴ് ദിവസം കൂടുമ്പോള്‍ പഴയ ദൃശ്യങ്ങള്‍ കളയുകയും പുതിയ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയുമാണ് ചെയ്യുന്നതെന്നും ഇന്ദ്ര വീര്‍ സിങ് പറഞ്ഞു.
ഹത്രാസ് കൂട്ടബലാത്സംഗം; സിസിടിവി ദൃശ്യങ്ങള്‍ നഷ്‌ടമായെന്ന് ആശുപത്രി അധികൃതര്‍ - യുപി ക്രൈം ന്യൂസ്
സെപ്‌റ്റംബര്‍ 14ന് പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളാണ് നഷ്‌ടപ്പെട്ടിരിക്കുന്നത്. പൊലീസ് ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ചേനെയെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി
അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമായിരുന്നു. അതുവഴി പെണ്‍കുട്ടിയുടെ അവസ്ഥ എങ്ങനെയായിരുന്നു, എപ്പോഴാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്, ആരൊക്കെ ഉണ്ടായിരുന്നുവെന്നും പെണ്‍കുട്ടി ആരോടൊക്കെ സംസാരിച്ചിരുന്നുവെന്നും കണ്ടെത്താമായിരുന്നുവെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. ഡോക്‌ടറുടെ മൊഴിയെടുക്കാനും തെളിവുകള്‍ പരിശോധിക്കാനും സിബിഐ സംഘം ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ദൃശ്യങ്ങള്‍ നേരത്തെ ശേഖരിക്കാത്തതെന്തേയെന്ന ചോദ്യത്തിന് കുറ്റകൃത്യവുമായി ബന്ധപ്പെട്ട അന്വേഷണവുമായി ആശുപത്രിക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു ഒരു പൊലീസ് ഓഫീസറുടെ പ്രതികരണം. ആശുപത്രിയില്‍ വെച്ച് കുറ്റം നടക്കുകയോ ആശുപത്രി അധികൃതരുടെ അനാസ്ഥയെക്കുറിച്ച് പരാതി ഉയരുകയോ ചെയ്യാത്ത സാഹചര്യത്തില്‍ ഇവ തമ്മില്‍ ബന്ധമില്ലെന്നും പൊലീസുകാരന്‍ കൂട്ടിച്ചേര്‍ത്തു.
സമീപകാലത്ത് സിബിഐ അന്വേഷിക്കുന്ന പ്രമുഖ കേസുകളില്‍ സിസിടിവി ദൃശ്യങ്ങളുടെ അഭാവം അന്വേഷണത്തെ ബാധിക്കുന്ന രണ്ടാമത്തെ കേസാണിത്. ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്‌പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലും മുംബൈ കൂപ്പര്‍ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിരുന്നില്ല. നടന്‍റെ പോസ്റ്റ്‌മോര്‍ട്ടം ഇവിടെ വച്ചായിരുന്നു നടന്നത്.