വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം കാണാതായ സംഭവം; ആറ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു
2.6 കിലോ സ്വര്‍ണമാണ് കാണാതായത്.
ബെംഗളൂരു:വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം കാണാതായ സംഭവത്തില്‍ ആറ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസെടുത്തു. കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2012 ജൂണ്‍ എട്ട് മുതല്‍ 2014 മാര്‍ച്ച് 26 വരെ 13 യാത്രക്കാരില്‍ നിന്നും പിടിച്ചെടുത്ത 2.6 കിലോ സ്വര്‍ണമാണ് കാണാതായത്. കസ്റ്റംസ് വിഭാഗത്തിന്‍റെ ഹൈദരാബാദ് സോണല്‍ യൂണിറ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം സ്വര്‍ണം കാണാതായതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയിരുന്നു. ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്‌തതായും പിടിച്ചെടുത്ത സ്വര്‍ണം അടുത്ത ഷിഫ്‌റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയില്ലെന്നും സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്കെതിരെ 409-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.