ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്തിനും മന്ത്രിസഭാംഗമായിരുന്ന ഹരക് സിങ് റാവത്തിനുമെതിരെ സിബിഐ എഫ്‌ഐആർ ഫയൽ ചെയ്‌തു. 2016ൽ വിമത എംഎല്‍എമാരെ തിരികെ കോൺഗ്രസില്‍ എത്തിക്കാൻ കുതിരക്കച്ചവടം നടത്തിയെന്നാണ് കേസ്. 2016 മാർച്ച് 23 ന് രാഷ്‌ട്രപതി ഭരണസമയത്ത് കുതിരക്കച്ചവടം നടത്തിയെന്ന ആരോപണത്തിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കുതിരക്കച്ചവടം നടന്നെന്ന് കാണിക്കുന്ന ടേപ്പ് ഒരു മാധ്യമപ്രവർത്തക ഹാജരാക്കുകയും തെളിവ് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധിച്ച ശേഷം യഥാർഥ റെക്കോർഡിങ് തന്നെയാണ് ടേപ്പിലുള്ളതെന്ന് വ്യക്തമാകുകയും ചെയ്‌തു.
വിമത എംഎല്‍എമാർക്ക് വേണ്ടി കുതിരക്കച്ചവടം; ഹരീഷ് റാവത്തിനെതിരെ എഫ്‌ഐആർ - 2016 ലെ കുതിരക്കച്ചവടം
വിമത എംഎൽഎമാരുമായി കോൺഗ്രസ് നേതാവ് പണമിടപാട് ചർച്ച ചെയ്യുന്നതിന്‍റെ തെളിവ് സ്ഥിരീകരിച്ചു. ഇരുവർക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരാഖണ്ഡ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
അധികാരത്തിൽ തിരികെയെത്തുന്നതിന് ഭൂരിപക്ഷം നേടാൻ ബിജെപിയിലേക്ക് കടന്ന എംഎൽഎമാരുമായി കോൺഗ്രസ് നേതാവ് പണമിടപാട് ചർച്ച ചെയ്യുന്നതാണ് ടേപ്പ് റെക്കോർഡിങ്ങിൽ പതിഞ്ഞത്. സംഭവത്തിൽ അന്വേഷണം നടത്താനും റാവത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും ഉത്തരാഖണ്ഡ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
ഹരീഷ് റാവത്തും ഹരക് സിങ് റാവത്തും കൂടാതെ സമാചർ പ്ലസ് ചാനലിന്‍റെ എഡിറ്റർ ഇൻ ചീഫ് ഉമേഷ് ശർമക്കെതിരെയാണ് എഫ്ഐആർ എടുത്തത്. ക്രിമിനൽ ഗൂഡാലോചന, അഴിമതി നിരോധന നിയമ പ്രകാരം കൈക്കൂലി നൽകൽ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് മൂന്നുപേർക്കെതിരെയും ചുമത്തിയിരിക്കുന്നത്.