ഹവേരി/കർണാടക: താര പദവി ഉള്ള ആളുകൾക്ക് പിന്നിൽ വലിയ ആരാധകവൃന്ദം ഉണ്ടായിരിക്കുമെന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ ഇത്തരത്തിൽ വലിയ ആരാധകരുള്ള വ്യക്തിയുണ്ട് അങ്ങ് കർണാടകത്തിൽ. ഇദ്ദേഹം ഒരു സിനിമാ താരമോ ഒരു രാഷ്ട്രീയക്കാരനോ അല്ല. പക്ഷേ ഒരു നടനേക്കാളും രാഷ്ട്രീയക്കാരനേക്കാളും ആരാധകർ ഇയാൾക്കുണ്ട്. ഇത്രയും വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കുവാന്‍ തക്കവണ്ണം ആരാണ് ഇയാളെന്ന് അറിയാം.
ഒരു കാളയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഹവേരിയില്‍ നടക്കുന്ന കാളപ്പോരിൽ പങ്കെടുക്കാൻ എത്തുന്ന കൂറ്റൻ കാളകൾക്ക് നിരവധി ആരാധകരുണ്ട്. ഇത്തരത്തിൽ കാളപ്പോരിൽ പങ്കെടുക്കുന്ന ഒരു കാളയാണ് അര്‍ജ്ജുന. അര്‍ജ്ജുന 155 എന്ന കാള ഹവേരിയിലെ എല്ലാ വീടുകളിലും ആരാധകനുള്ള കാളയാണ്. യുവാക്കളുടെ ആവേശമാണ് അര്‍ജ്ജുന 155. ഇത്തരത്തിൽ കാളയോടുള്ള ആരാധനയിൽ അര്‍ജ്ജുനയുടെ ചിത്രം ചുമരിൽ വരച്ചിരിക്കുകയാണ് ഹവേരി ജില്ലയിലെ ബ്യാതകി താലൂക്കിലെ ഹെഡിഗൊണ്ട ഗ്രാമവാസിയായ ഫക്കിരേഷ്.
അർജുന ഒരു അത്‌ഭുതമാണ്: അവന്‍റെ ആരാധകരും വടക്കന്‍ കര്‍ണ്ണാടകയിലെ പരമ്പരാഗത കലയാണ് കാളപ്പോര്. ഈ മത്സരത്തില്‍ വിജയിക്കുന്ന കാളകൾക്ക് വലിയ തരത്തിലുള്ള സ്വീകരണമാണ് ലഭിക്കാറ്. ഇത്തരത്തിൽ കാളപ്പോരിൽ പേരുകേട്ട കാളകളിൽ ഒരാൾ മാത്രമാണ് അര്‍ജ്ജുന.
ആരാധനയുടെ ഭാഗമായാണ് അര്‍ജ്ജുന കാളയുടെ ചിത്രം ചുമരിൽ വരച്ചതെന്നും കാളയോടുള്ള സ്നേഹം ചുമർ ചിത്രത്തിലൂടെ വ്യക്തമാക്കുന്നുവെന്നും ഫക്കിരേഷ് പറയുന്നു. പലരുടെയും അരാധന പാത്രമായ കാളയെ വരച്ചതോടെ ഫക്കിരേഷിനും അരാധകരുണ്ടായി. കാളയെ വരച്ചതിന് ശേഷം പലയിടത്ത് നിന്നും ചിത്രം വരക്കാൻ അവസരങ്ങൾ ലഭിച്ചതായി ഈ കലാകാരൻ പറയുന്നു.
തമിഴ്‌നാട്ടില്‍ നിന്നും ഒന്നര ലക്ഷം രൂപ കൊടുത്ത് കാളയെ കൊണ്ടു വരുമ്പോള്‍ അതിന് 18 മാസമായിരുന്നു പ്രായം. അന്നു കാളപ്പോരിനുള്ള പ്രത്യേക പരിശീലനം അതിന് നല്‍കി വരുന്നുണ്ട്. കൂടാതെ നീന്തല്‍, ഓട്ടം തുടങ്ങിയവയിലെല്ലാം പരിശീലനം നല്‍കുന്നുണ്ട്. പ്രത്യേകം തയ്യാറാക്കുന്ന ഭക്ഷണമാണ് അര്‍ജ്ജുനക്ക് നൽകുന്നത്. അര്‍ജ്ജുനയെ കൊണ്ട് വന്നതിന് ശേഷം തങ്ങളുടെ ജില്ലയിലെ എതിരാളികള്‍ പോലും സുഹൃത്തുക്കളായി മാറിയെന്ന് ഉടമസ്ഥരും ആരാധകരും പറയുന്നു.
ശിവമോഗ, ദാവണ്‍ഗരെ, ഗഡക്, ധാര്‍വാഡ് ജില്ലകളിലായി നിരവധി മത്സരങ്ങളിൽ അര്‍ജ്ജുന പങ്കെടുത്തിട്ടുണ്ട്. എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനമാണ് ഇവൻ കാഴ്ച വെച്ചിട്ടുള്ളത്. കാളപ്പോരിൽ പങ്കെടുക്കുന്ന മറ്റ് കാളകള്‍ക്ക് അര്‍ജ്ജുന ഒരു പേടി സ്വപ്നമാണ്. ഒരു കാളക്ക് ഇത്തരത്തിൽ ആരാധകവൃന്ദം ഉണ്ടാകുന്നത് വളരെ വിരളമായ കാര്യമാണ് അതുകൊണ്ട് തന്നെ അര്‍ജ്ജുനയും അവന്‍റെ ആരാധകരും ഒരു അത്ഭുതമാണ്.