രണ്ട് മാസത്തെ ലോക്ക് ഡൗൺ ഇന്ത്യയിലെ കുടിയേറ്റ/അതിഥി തൊഴിലാളികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച ദുരന്ത സമാനമായ അനുഭവങ്ങളുടെ നേര്‍ച്ചിത്രം കൂടി ചരിത്രം രേഖപ്പെടുത്തും. കൊവിഡ് 19 പടരാതിരിക്കുക എന്ന ഏക ലക്ഷ്യത്തോടെ മാർച്ച് അവസാന വാരത്തിൽ സംസ്ഥാനങ്ങൾ തങ്ങളുടെ അതിഥി തൊഴിലാളികളെ നിയന്ത്രിക്കാനും സംരക്ഷിക്കാനും കേന്ദ്ര സർക്കാർ ഉത്തരവിട്ടു.
ദശ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് കാൽനടയായി യാത്ര ചെയ്യാന്‍ പ്രധാനമായും പ്രേരിപ്പിച്ചത് അവരുടെ ബന്ധുക്കളുടെ ക്ഷേമത്തിനേ കുറിച്ചുള്ള ആശങ്കകള്‍ ആണ്. കുടിയേറ്റ തൊഴിലാളികളുടെ വേദനാജനകമായ അപേക്ഷകള്‍ക്ക് മറുപടിയായി കേന്ദ്രം ഈ മാസം മുതൽ പ്രത്യേക ശ്രമിക് ട്രെയിനുകൾ പ്രവർത്തിപ്പിക്കാൻ ആരംഭിച്ചു. ഇതുവരെ എടുത്ത നടപടിയെക്കുറിച്ച് വിശദീകരിച്ച സർക്കാർ ആദ്യ മൂന്ന് ആഴ്ചയ്ക്കുള്ളിൽ 35 ലക്ഷം പേരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാൻ സൗകര്യമൊരുക്കിയെന്നും, 40 ലക്ഷം പേർ ബസ്സുകളിലൂടെ സംസ്ഥാനങ്ങളിൽ എത്തി ചെര്‍ന്നു എന്നും, അടുത്ത പത്ത് ദിവസത്തിനുള്ളിൽ 36 ലക്ഷം ആള്‍ക്കാരെ അതത് സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുക എന്ന ലക്ഷ്യത്തോടെ 2600 പ്രത്യേക ട്രെയിനുകൾ ഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ശ്രദ്ധ നൽകുക, ട്രെയിനുകളിലെ ശുചിത്വം, യാത്രക്കാരുടെ ഭക്ഷണം, ആരോഗ്യം, സംസ്ഥാന സർക്കാരുകളും റെയിൽവേ മന്ത്രാലയങ്ങളും തമ്മിലുള്ള ഫലപ്രദമായ ഏകോപനം, എന്നിവയ്ക്കായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, മേൽപ്പറഞ്ഞവ ഉറപ്പുവരുത്തുന്നതിൽ ഗവൺമെന്‍റിന്‍റെ പരാജയം, ബീഹാറിലേക്ക് പോകുന്ന ഒരു ട്രെയിനിലെ ഒരു കൂട്ടം യാത്രക്കാരെ ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഭക്ഷ്യ പാഴ്സലുകളും കുടിവെള്ള പാക്കറ്റുകളും കൊള്ളയടിക്കാൻ പ്രേരിപ്പിച്ചു. അവര്‍ ട്രെയിനുകളിൽ പത്ത് മുതൽ ഇരുപത് മണിക്കൂർ വരെ വെള്ളം കുടിക്കാതെ സഹിച്ചു. കനത്ത തിരക്ക് കാരണം ട്രെയിനുകൾ മണിക്കൂറുകളോളം നിർത്തുകയോ ചില റൂട്ടുകളിൽ വഴിതിരിച്ചുവിടുകയോ ചെയ്തു.
മുപ്പതു മുതൽ നാല്പതു മണിക്കൂർ വരെ യാത്രകള്‍ക്ക് കാലതാമസമുണ്ടായി. മോശം സൗകര്യങ്ങൾ, ദീര്‍ഘമായ യാത്ര, ലക്ഷ്യസ്ഥാനങ്ങളിൽ എത്തി ചേരാനുള്ള അപ്രതീക്ഷിതമായ കാലതാമസം എന്നിവ ഇതിനകം തൊഴിലാളികൾക്ക് യാത്ര നരക തുല്യമാക്കാന്‍ ഇടയാക്കി. ഇവിടെയുള്ള പ്രധാന ചോദ്യം, തൊഴിലാളിവർഗ ജനതയുടെ ക്ഷേമത്തോട് കൂടുതൽ മാനുഷികമായി പ്രതികരിക്കാൻ നമുക്ക് എന്തുകൊണ്ട് കഴിയുന്നില്ല എന്നതാണ്.
2011 വരെ ഏകദേശം 14 കോടി ആഭ്യന്തര കുടിയേറ്റങ്ങൾ നടന്നതായി 2011ലെ സെൻസസ് കണക്കാക്കുന്നു. 2017നും 2022നും ഇടയിൽ പ്രതിവർഷം ശരാശരി 90 ലക്ഷം കുടിയേറ്റം നടക്കും എന്ന് 2017ലെ സാമ്പത്തിക സർവേ പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു. പ്രധാനമായും ഉത്തർപ്രദേശിൽ നിന്നും ബീഹാറിൽ നിന്നും ആണ് ഉയര്‍ന്ന തോതില്‍ തൊഴിലാളി കുടിയേറ്റങ്ങൾ നടക്കുന്നത്. മധ്യപ്രദേശ്, പഞ്ചാബ് , രാജസ്ഥാൻ, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം അതിഥി തൊഴിലാളികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ എത്തി ചേരുന്നുണ്ട്. ഡൽഹി, മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, കേരളം മുതലായവയാണ് അവരുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ. അജ്ഞാതമായ ഒരു ദേശത്ത് പകർച്ചവ്യാധി പിടിപെടുകയും, ചുറ്റും ആരുമില്ലാതെ അനാഥരായി മരണമടയുകയും ചെയ്തേക്കാം എന്ന ഭയം കുടിയേറ്റ തൊഴിലാളികളിൽ മാനസിക ആഘാതം സൃഷ്ടിക്കുന്നു. ഇത് അവരെ അസ്വസ്ഥരാക്കുകയും, ഏതു തരത്തില്‍ പെട്ട അപകടങ്ങളും തരണം ചെയ്തു സ്വന്തം നാട്ടിലേക്ക് പോകാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
പൊതു ഗതാഗത സൌകര്യങ്ങള്‍ പല കാരണങ്ങളാലും നിരസിക്കപ്പെട്ട അവര്‍ നൂറുകണക്കിന് മൈലുകൾ നീണ്ടതും അപകടകരവുമായ മടക്ക യാത്രകള്‍ ഏറ്റെടുക്കാന്‍ തയാറായി. അവരിൽ കൂടുതല്‍ നിർഭാഗ്യരായവരുടെ ജീവന്‍ നിരത്തുകളില്‍ പൊലിഞ്ഞു. റെയിൽവേ ട്രാക്കിൽ ഉറങ്ങിപ്പോയ ഇരുപത്തിയാറു കുടിയേറ്റ തൊഴിലാളികളുടെ ദാരുണമായ മരണങ്ങളും, സ്വന്തം പിതാവിനെ പിന്നില്‍ ഇരുത്തി 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ പെൺകുട്ടിയുടെ അവസ്ഥയുമെല്ലാം രാജ്യത്തെ അതിഥി തൊഴിലാളികളുടെ ദയനീയത പ്രതിഫലിപ്പിക്കുന്നു. മഹാരാഷ്ട്ര, ഡൽഹി, കർണാടക, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള 30 ശതമാനം കുടിയേറ്റ തൊഴിലാളികൾക്ക് ഇതുവരെ യാത്ര ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. 140 ഓളം പ്രത്യേക ട്രെയിനുകളിൽ രണ്ട് ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികള്‍ തെലുങ്ക് സംസ്ഥാനങ്ങളിൽ ഇനിയും മടങ്ങാന്‍ ഉണ്ട്. അതിഥി തൊഴിലാളികളുടെ യാത്രക്കായുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തെലങ്കാന ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടിട്ടുണ്ട്. തൊഴിലാളികളുടെ യാത്രാ ചാർജുകൾ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾ വഹിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി വിധി പ്രസ്താവിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശരിയായ ഏകോപനത്തോടെ പ്രവർത്തിക്കാനും ശരിയായ ഭക്ഷണം, ശുചിത്വം, എല്ലാറ്റിനുമുപരിയായി അന്തസ്സോടെയുള്ള കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കേണ്ട സമയമാണിത്.