കാര്‍ഷിക പ്രശ്നങ്ങള്‍ ശാസ്ത്രീയ ഗവേഷണങ്ങളിലൂടെ പരിഹരിക്കണം: ഉപരാഷ്ട്രപതി - വെങ്കയ്യ നായിഡു
ഇന്ത്യയെ പോലുള്ള കാര്‍ഷിക രാജ്യത്ത് ഭക്ഷ്യഇറക്കുമതി സാധ്യമല്ലെന്നും ആഭ്യന്തര ഉല്‍പാദനത്തിലൂടെ കാര്‍ഷിക രംഗത്തെ ശക്തിപ്പെടുത്തുകയാണ് പോംവഴിയെന്നും ഉപരാഷ്ട്രപതി
ബെംഗളൂരു: കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ നേരിടുന്ന കാര്‍ഷിക പ്രതിസന്ധിക്ക് ശാസ്ത്രീയ മേഖലകളിലൂടെ പരിഹാരം കാണണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. 107മത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്‍റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ പോലുള്ള കാര്‍ഷിക രാജ്യത്ത് ഭക്ഷ്യഇറക്കുമതി സാധ്യമല്ല. ആഭ്യന്തര ഉല്‍പാദനത്തിലൂടെ കാര്‍ഷിക രംഗത്തെ ശക്തിപ്പെടുത്തുകയാണ് പോംവഴി. ശാസ്ത്രീയ ഗവേഷണങ്ങൾ വിവിധ കാർഷിക പ്രവർത്തനങ്ങൾക്കായുള്ള നൂതന യന്ത്രങ്ങൾ നിർമിക്കുന്നതിലേക്ക് കേന്ദ്രീകരിക്കണം. കൃഷിക്കുപുറമെ, നഗരവൽക്കരണം, മലിനീകരണം, നഗര-ഗ്രാമീണ വിഭജനം, വർദ്ധിച്ചുവരുന്ന ബാക്ടീരിയ വിരുദ്ധ പ്രതിരോധം, ജനിതക, സാംക്രമികേതര രോഗങ്ങൾ, ജലദൗർലഭ്യം തുടങ്ങിയവയിൽ നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങൾ ശാസ്ത്രം പരിഹരിക്കേണ്ടതുണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇന്ത്യൻ സയൻസ് കോൺഗ്രസ് അവാർഡുകളായ യുവ ശാസ്ത്രജ്ഞൻ, മികച്ച പോസ്റ്റർ എന്നിവക്കുള്ള പുരസ്കാരദാനം ഉപരാഷ്ട്ര നിര്‍വഹിച്ചു.