ന്യൂഡൽഹി: അതിഥി തൊഴിലാളികളുമായി സംവദിക്കുന്ന രംഗങ്ങൾ ഡോക്യുമെന്‍ററി ആക്കിയത് അവരുടെ വേദനകൾ ലോകത്തിന് മുമ്പിൽ തുറന്ന് കാണിക്കാനാണെന്നും അല്ലാതെ നിർമല സീതാരാമന്‍റെ കാഴ്ചപ്പാടല്ല തനിക്കെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാട്ടിലേക്ക് നടന്നുപോകുകയായിരുന്ന അതിഥിത്തൊഴിലാളികളുമായി ഡൽഹിയിലെ തെരുവോരത്ത് രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ ഒരു ഡോക്യുമെന്‍ററി കോൺഗ്രസ് ഇറക്കിയിരുന്നു. ദരിദ്രരോടും തൊഴിലാളികളോടും ഏറ്റവും താഴെ തട്ടിലുള്ള ജനങ്ങളോടും മനസുനിറയെ സംസാരിക്കുക മാത്രമായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
മഹാനടൻ എന്ന് വിളിച്ചത് ധനമന്ത്രിയുടെ കാഴ്ചപ്പാടെന്ന് രാഹുൽ ഗാന്ധി - നിർമലാ സീതാരാമൻ
അതിഥി തൊഴിലാളികളുമായി വഴിയരികിൽ രാഹുൽ കൂടിക്കാഴ്ച നടത്തിയതും നാട്ടിലെത്താൻ അവർക്ക് വാഹനങ്ങൾ ഏർപ്പാടാക്കിയതുമാണ് ഡോക്യുമെന്‍ററിയിലുള്ളത്. ഇത് വെറും നാടകമാണെന്നും രാഹുൽ മഹാ നടനാണെന്നുമാണ് നിർമല സീതാരാമൻ പറഞ്ഞത്
'അതിഥി തൊഴിലാളികളുടെ വേദന ഞാൻ അനുഭവിച്ചു. അവർ എന്നെ അനുവദിച്ചിരുന്നെങ്കിൽ അവരുടെ ബാഗുകൾ ഞാൻ പിടിച്ചേനേ. എന്‍റെ ഒരേയൊരു ലക്ഷ്യം രാജ്യത്തെ ജനങ്ങളെ സഹായിക്കുക എന്നതാണ്. ഹ്രസ്വചിത്രത്തിലൂടെ അതിഥി തൊഴിലാളികളുടെ കഷ്ടതകൾ രാജ്യത്തിന് മുമ്പിൽ എത്തി. ഞങ്ങൾ ഈ ആളുകളെ സഹായിച്ചില്ലെങ്കിൽ മറ്റാരാണ് അവരെ സഹായിക്കുക', രാഹുൽ ഗാന്ധി പറഞ്ഞു.
ഇതിനിടെ കോൺഗ്രസ് പുറത്തിറക്കിയ ഡോക്യുമെന്‍ററിക്കെതിരെ നിർമല സീതാരാമൻ രംഗത്ത് വന്നിരുന്നു. രാഹുൽ ഗാന്ധി മഹാനടനാണെന്ന് ധനമന്ത്രി പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.