കൊറോണ ദൗത്യം; എയര്‍ ഇന്ത്യ ജീവനക്കാർക്ക് കേന്ദ്ര മന്ത്രിസഭയുടെ പ്രശംസ
647 പേരെയാണ് എയര്‍ ഇന്ത്യ പ്രത്യേക വിമാനങ്ങളില്‍ ഇന്ത്യയിലെത്തിച്ചത്. ജീവനക്കാരുടെ അര്‍പ്പണ മനോഭാവമാണ് ദൗത്യം വിജയത്തിലെത്തിച്ചതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു
ന്യൂഡല്‍ഹി: കൊറോണ ബാധിത പ്രദേശമായ വുഹാനില്‍ നിന്ന് 647 ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ച എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അഭിനന്ദനം. കാബിനറ്റ് മീറ്റിങ്ങിനിടെയാണ് മന്ത്രിസഭ ജീവനക്കാരുടെ ആത്മാര്‍ത്ഥതയേയും ധൈര്യത്തേയും പുകഴ്ത്തിയത്. എയര്‍ ഇന്ത്യയുടെ രണ്ട് പ്രത്യേക വിമാനങ്ങളിലാണ് വുഹാനില്‍ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്. ആശങ്കകള്‍ക്കിടയിലും കൃതമായി ജോലി നിര്‍വഹിക്കാൻ ജീവനക്കാര്‍ക്കായെന്നും മന്ത്രിസഭ നിരീക്ഷിച്ചു. ഏകദേശം 12 മണിക്കൂറാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍ വുഹാനില്‍ നിന്നെത്തിയ ഇന്ത്യക്കാരോടൊപ്പം വിമാനത്തില്‍ ചെലവഴിച്ചത്. ജോലി ഏറ്റെടുക്കുമ്പോള്‍ തങ്ങള്‍ക്കും രോഗം വരില്ലേയെന്ന് ആരും ചോദിച്ചില്ലെന്നും ജോലിക്കാണ് വിമാന ജീവനക്കാര്‍ പ്രാധാന്യം നല്‍കിയതെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. ശനിയാഴ്ചയാണ് 647 ഇന്ത്യക്കാരെയും ഏഴ് മാലദ്വീപുകാരെയും എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളില്‍ നാട്ടിലെത്തിച്ചത്.