ന്യൂഡൽഹി: പുതിയ വിദ്യാഭ്യാസ നയത്തിന് കീഴിലുള്ള 'ടീച്ചിംഗ് ലേണിംഗ് ആന്‍റ് റിസൾട്ട്സ് ഫോർ സ്റ്റേറ്റ്സ്' (സ്റ്റാർസ്) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. സംസ്ഥാനങ്ങളിലെ അധ്യാപനവും പരീക്ഷ ഫലങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയാണിത്.
ലോകബാങ്കിന്‍റെ പിന്തുണയോടെയാണ് പരിപാടി ആവിഷ്‌കരിക്കുന്നതെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. ഇന്ത്യ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കൽ തുടങ്ങിയെന്നും അടിസ്ഥാനം മനസിലാക്കിക്കൊണ്ട് പഠിക്കുകയാണ് വിദ്യാഭ്യാസത്തിൽ പ്രധാനമെന്നും ജാവദേക്കർ പറഞ്ഞു.
വിദ്യാഭ്യാസ പ്രക്രിയകളിൽ അധ്യാപകരെ പരിശീലിപ്പിക്കേണ്ടതുണ്ട്. ബോർഡ് പരീക്ഷകൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഈ പദ്ധതിയിലൂടെ പ്രത്യേക മൂല്യനിർണയ സ്ഥാപനം പ്രാബല്യത്തിൽ വരും. ലോക ബാങ്ക്, പദ്ധതിക്കായി 3,700 കോടി രൂപ സർക്കാരിന് നൽകും. കൂടാതെ സംസ്ഥാന സർക്കാരുകൾ 2000 കോടി രൂപ നൽകുമന്നും അദ്ദേഹം പറഞ്ഞു.
ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, കേരളം, ഒഡിഷ എന്നീ ആറ് സംസ്ഥാനങ്ങൾ പരിപാടിയിൽ ഉൾപ്പെടും. ഗുജറാത്ത്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, അസം, തമിഴ്നാട് എന്നിവിടങ്ങളിൽ എ.ഡി.ബി കോർപ്പറേഷൻ മുഖേന സമാനമായ പദ്ധതി നടപ്പാക്കും. മൊത്തം പദ്ധതി ചെലവ് 5,718 കോടി രൂപയാണെന്നും ജാവദേക്കർ കൂട്ടിച്ചേർത്തു.