ബംഗാൾ ക്രിക്കറ്റ് താരങ്ങൾക്ക് നേത്രപരിശോധന നിർബന്ധമാക്കി
എല്ലാ ബംഗാൾ കളിക്കാർക്കും നേത്രപരിശോധന നിർബന്ധമാക്കുമെന്ന് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സിഎബി) പ്രസ്താവനയിൽ പറഞ്ഞു.
കൊൽക്കത്ത: ബംഗാൾ ക്രിക്കറ്റ് താരങ്ങൾക്ക് നേത്രപരിശോധന നിർബന്ധമാക്കി ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സിഎബി). ബംഗാൾ കോച്ചിംഗ് യൂണിറ്റും സിഎബിയും തമ്മിൽ നടന്ന യോഗത്തിലാണ് തീരുമാനം. വിക്കറ്റ് കീപ്പേഴ്സിനായി പുതിയ ക്ലിനിക്കും സ്ഥാപിക്കും. മുഖ്യ പരിശീലകനായി അരുൺ ലാൽ തന്നെ തുടരുമെന്നും ബംഗാളിലെ സീനിയർ കോച്ചിംഗ് സ്റ്റാഫിൽ മാറ്റമൊന്നുമില്ലെന്നും യോഗത്തിൽ തീരുമാനിച്ചു. സ്പിൻ സ്പെഷ്യലിസ്റ്റുകൾക്കായി 7-10 ദിസവം വരെ സ്പിന്നേഴ്സ് ക്യാമ്പും ഉണ്ടായിരിക്കും. കൊവിഡ് 19 സാഹചര്യത്തിൽ നിലവിലുള്ള സ്പിന്നർമാരെ തന്നെയാകും ഇതിനായി തെരഞ്ഞെടുക്കുക. പരിശീലനം പുനരാരംഭിക്കുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്നും ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ അറിയിച്ചു.