ന്യൂഡല്‍ഹി:പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച അക്രമ സംഭവങ്ങൾ രാജ്യത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളെയും ഈ നിയമവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും വേര്‍തിരിവുണ്ടാക്കിയെന്നും വിലയിരുത്തലുണ്ട്.
ഒരു വിഭാഗം ജനങ്ങള്‍ നിയമത്തെ പിന്തുണക്കുമ്പോള്‍ മറ്റൊരു വിഭാഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ജനങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യമാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡിലും ഏപ്രില്‍ മാസത്തില്‍ നടക്കാനിരിക്കുന്ന പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിനെയും വിഷയം സാരമായി ബാധിക്കും. ഇത് വോട്ടുധ്രുവീകരണത്തിന് കാരണമായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം പഴിചാരുകയാണ്. എന്‍ആര്‍സിയും സിഎഎയും ബിജെപിയുടെ രാഷ്ട്രീയ ആയുധങ്ങളും ധ്രുവീകരണ തന്ത്രവുമാണെന്നും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ അസദുദ്ദീന്‍ ഒവൈസി, അമാനത്തുല്ല ഖാന്‍ തുടങ്ങിയവന്‍ മുഹമ്മദലി ജിന്നയെപ്പോലെ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് ബിജെപി ദേശീയ നേതാവ് സാംബിത് പത്ര വിമര്‍ശിച്ചു. മറുവശത്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രാഷ്ട്രീയ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും സാംബിത് പത്ര പറഞ്ഞു. പശ്ചിമ ബംഗാളിലെ സാഹചര്യമനുസരിച്ച് സമുദായ വോട്ടുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.