പൗരത്വ നിയമം; പശ്ചിമ ബംഗാളില്‍ ഇന്‍റര്‍നെറ്റ് സേവനം വിഛേദിച്ചു
മുർഷിദാബാദ്, ഹൗറ, നോർത്ത് 24 പർഗാനാസ് ജില്ലകളിലും സൗത്ത് 24 പർഗാന ജില്ലകളിലെ വിവിധ ഭാഗങ്ങളിലും ഇൻ്റർനെറ്റ് സേവനം വിഛേദിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു
കൊൽക്കത്ത: പൗരത്വ നിയമത്തിനെതിരെ വെസ്റ്റ് ബംഗാളിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് വെസ്റ്റ് ബംഗാളിലെ മാൽഡ ജില്ലയിൽ 48 മണിക്കൂർ ഇൻ്റർനെറ്റ് സേവനം വിഛേദിച്ചു. ഇന്ന് ഉച്ചക്ക് രണ്ട് മണി മുതലാണ് ഇൻ്റർനെറ്റ് സേവനം വിഛേദിച്ചത്. മുർഷിദാബാദ്, ഹൗറ, നോർത്ത് 24 പർഗാനാസ് ജില്ലകളിലും സൗത്ത് 24 പർഗാന ജില്ലകളിലെ വിവിധ ഭാഗങ്ങളിലും ഇൻ്റർനെറ്റ് സേവനം വിഛേദിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വ്യാജ വാർത്ത തടയാനാണ് ഇൻ്റർനെറ്റ് സേവനം വിഛേദിക്കുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കൂടാതെ പ്രക്ഷോഭത്തെ തുടർന്ന് നിരവധി ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഹൗറ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള 15 ട്രെയിനുകൾ റദ്ദാക്കിയതായും തിരുവനന്തപുരത്ത് നിന്നുള്ള ഷാലിമാർ എക്‌സ്പ്രസ് ഉൾപ്പെടെ 10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു.