കോയമ്പത്തൂർ: ഇന്ത്യൻ പൗരന്മാരെ പൗരത്വ ഭേദഗതി നിമയം ബാധിക്കില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാർഥികൾക്കാണ് സിഎഎ ബാധമാകുന്നത്. ഇതിന് ഇന്ത്യൻ പൗരന്മാരുമായി യാതൊരു ബന്ധവുമില്ലെന്നും പിഎസ്‌ജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളും അധ്യാപകരുമായി സംവദിക്കുന്നതിനിടെ നായിഡു പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചും ജമ്മു കാശ്മീരിലെ പുനസംഘടനയെക്കുറിച്ചും പരാമർശിച്ച അദ്ദേഹം, ആർട്ടിക്കിൾ 370 ഒരു താൽക്കാലിക വ്യവസ്ഥയാണെന്നും പാർലമെന്‍റിലെ വിശദമായ ചർച്ചയ്ക്ക് ശേഷമാണ് ഇത് റദ്ദാക്കിയതെന്നും വ്യക്തമാക്കി.
ജനാധിപത്യ രാജ്യത്ത് അക്രമം സ്വീകാര്യമല്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവർ രാജ്യത്തിന്‍റെ ചെലവില്‍ ജീവിക്കുന്നുണ്ട്. സമാധാനപരവും ജനാധിപത്യപരവുമായ രീതിയില്‍ പ്രതിഷേധം നടത്തേണ്ടതുണ്ട്. രാജ്യത്തിന്‍റെ ഐക്യത്തേയും സമഗ്രതയെയും ആർക്കും എതിർക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ മൂല്യങ്ങളും ധാർമ്മികതയും ഉയർത്തിപ്പിടിക്കുന്നതും നമ്മുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും വിദ്യാർഥികളെ ബോധവാന്മാരാക്കുന്നതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു.ഇന്ത്യൻ ഭാഷകൾ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കിയ നായിഡു കുട്ടികൾക്ക് മാതൃഭാഷയിൽ പ്രാഥമിക വിദ്യാഭ്യാസം നൽകണമെന്നും ആവശ്യപ്പെട്ടു. വീട്ടിലും സമൂഹത്തിലും മാതൃഭാഷ ഉപയോഗിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.