കേരളം

kerala

ETV Bharat / bharat

ബ്രാന്‍ഡ് ഇന്ത്യയേയും ആഭ്യന്തര സമാധാനത്തേയും സിഎഎ അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നു: ഇത് അഭികാമ്യമോ? - CAA

നിലവിലെ സാമ്പത്തിക മാന്ദ്യത്തെ നേരിടുവാനുള്ള കഴിവില്ലാതെ ഉഴലുമ്പോഴും സര്‍ക്കാര്‍ തങ്ങളുടെ പൗരന്മാരെ കലാപത്തില്‍ നിന്നും രക്ഷിക്കുവാന്‍ പരാജയപ്പെട്ടു എന്ന് ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള ബിസിനസ് മാസികയായ ദി എക്കണോമിസ്റ്റ് തുറന്നു വിമര്‍ശിച്ചു.

CAA has dented brand india and domestic peace-malayalam  ബ്രാന്‍ഡ് ഇന്ത്യ  സിഎഎ  ആഭ്യന്തര സമാധാനം  അപകീര്‍ത്തി  CAA  domestic peace
ബ്രാന്‍ഡ് ഇന്ത്യയേയും ആഭ്യന്തര സമാധാനത്തേയും സിഎഎ അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നു: ഇത് അഭികാമ്യമോ?

By

Published : Mar 14, 2020, 9:15 PM IST

പാര്‍ലമെന്‍റ് പൗരത്വ നിയമ ഭേദഗതി പാസ്സാക്കിയതിനു ശേഷം ഇന്ത്യ ഏറെ കുഴപ്പങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഭരണ ഘടനയെ സംരക്ഷിക്കുന്നതിനു വേണ്ടി വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത് അതി ശക്തമായ ഒരു ചിത്രമായിരുന്നു. മുസ്ലീം സ്ത്രീകള്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നതും, മഹാത്മാഗാന്ധിയുടേയും അംബേദ്കറുടേയും ഛായാ ചിത്രങ്ങള്‍ കൈയ്യിലേന്തുന്നതും ജനാധിപത്യത്തെ കുറിച്ചുള്ള പ്ലകാര്‍ഡുകള്‍ ഉയര്‍ത്തി പിടിക്കുന്നതും എല്ലാം ചരിത്രപരമായ സന്ദേശമായിരുന്നു. രാജ്യം മുഴുവന്‍ ഉണ്ടായ പ്രതിഷേധങ്ങളും ഡല്‍ഹി കലാപങ്ങളും ആഗോള മാധ്യമങ്ങളില്‍ തലക്കെട്ടുകള്‍ പിടിച്ചു പറ്റി. ലോകത്തെ ഏറ്റവും വലിയതും ഏറ്റവും ഊര്‍ജ്ജസ്വലവുമായ ജനാധിപത്യ രാജ്യമായി മാറിയ ഇന്ത്യ എന്ന പൗരാണിക നാഗരികതയുടെ നല്ല പ്രതിച്ഛായക്ക് മങ്ങലേറ്റു. രാഷ്ട്രപതി ഭവനില്‍ ഡൊണാള്‍ഡ് ട്രമ്പിന് വിരുന്നു നല്‍കുമ്പോള്‍ വടക്കു കിഴക്കന്‍ ഡല്‍ഹി കത്തുന്നത് എങ്ങനെയായിരുന്നു എന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉയര്‍ത്തി കാട്ടി. ഐക്യരാഷ്ട്ര സഭയിലും വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളിലും ഇതേ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നു. മലേഷ്യയും തുര്‍ക്കിയും ഇറാനും കാനഡയും ഈ സാഹചര്യത്തെ കുറിച്ച് തങ്ങള്‍ക്കുള്ള ഉല്‍കണ്ഠ തുറന്നു പ്രകടിപ്പിക്കുക തന്നെ ചെയ്തു.

മറ്റ് നിരവധി രാജ്യങ്ങള്‍ സിഎഎ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് സമ്മതിച്ചപ്പോള്‍ പോലും നിയന്ത്രണം പാലിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ഥിച്ചു. സിഎഎയുടെ വിവേചനപരമായ രൂപത്തെ കുറിച്ചും അത് മുസ്ലീങ്ങളെ എങ്ങിനെ ലക്ഷ്യമിടുന്നു എന്നതിനെ കുറിച്ചും നിരവധി സ്വാധീന ശക്തിയുള്ള പ്രസിദ്ധീകരണങ്ങള്‍ മുഖപ്രസംഗമെഴുതി. നിലവിലെ സാമ്പത്തിക മാന്ദ്യത്തെ നേരിടുവാനുള്ള കഴിവില്ലാതെ ഉഴലുമ്പോഴും സര്‍ക്കാര്‍ തങ്ങളുടെ പൗരന്മാരെ കലാപത്തില്‍ നിന്നും രക്ഷിക്കുവാന്‍ പരാജയപ്പെട്ടു എന്ന് ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള ബിസിനസ് മാസികയായ ദി എക്കണോമിസ്റ്റ് തുറന്നു വിമര്‍ശിച്ചു. നിലവിലെ സാഹചര്യങ്ങളില്‍ ആരാണ് ഇന്ത്യയില്‍ മുതല്‍ മുടക്കുവാന്‍ തയ്യാറാവുക എന്ന് ചോദിച്ചു ആ മാസിക.സിഎഎ മൂലം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായക്ക് കനത്ത തിരിച്ചടി ഏറ്റു എന്ന കാര്യം സമ്മതിച്ചേ മതിയാകൂ. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിദേശ നയങ്ങളിലൂടെ പ്രധാനമന്ത്രി നേടിയെടുത്ത നേട്ടങ്ങള്‍ മുഴുവന്‍ നഷ്ടപ്പെടുമെന്ന ഭീഷണിയാണ് ഇപ്പോള്‍ നേരിടുന്നത്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇതൊന്നും ഗൗനിക്കാത്തത് എന്ന ചോദ്യമാണ് ആദ്യമുയരുന്നത്. ആഭ്യന്തര സമാധാനവും ആഗോള പ്രതിച്ഛായയും ബലി കഴിച്ചു കൊണ്ട് എന്തിന് ഈ സര്‍ക്കാര്‍ വിദേശികള്‍ക്ക് പൗരത്വം നല്‍കാന്‍ ആഗ്രഹിക്കുന്നു എന്ന ചോദ്യവും ഉയരുന്നു.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മൂന്ന് അയല്‍ രാജ്യങ്ങളിലെ പീഢനം നേരിടുന്ന പൗരന്മാര്‍ക്ക്, അവര്‍ മുസ്ലീങ്ങളല്ലെങ്കില്‍ ഇന്ത്യന്‍ പൗരത്വം നല്‍കും എന്നതാണ് ഈ നിയമത്തിന്റെ മുഖ്യ ഘടകം. അസമില്‍ നടന്ന വിശദമായ ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രക്രിയയിലൂടെ 19 ലക്ഷം ആളുകള്‍ പൗരന്മാരല്ലാതായി മാറി തടവുകേന്ദ്രങ്ങളിലേക്ക് മാറ്റപ്പെട്ട സംഭവത്തിന് തൊട്ടു പിറകേയാണ് ഈ നിയമം ഉണ്ടായിരിക്കുന്നത് എന്നതാണ് അതിനെ വന്‍ തോതില്‍ പ്രശ്‌നകാരിയായി മാറ്റുന്നത്. തങ്ങളുടെ പൗരത്വം ചോദ്യം ചെയ്യപ്പെടുമെന്ന് സാധാരണക്കാരായ ഇന്ത്യക്കാരുടെ മനസ്സുകളില്‍ ഭീതി പടര്‍ത്താനാണ് ഈ സംഭവവികാസങ്ങള്‍ വഴിവെച്ചത്. ബി ജെ പി നേതാക്കള്‍, പ്രത്യേകിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവ ക്രമത്തില്‍ നടപ്പാവുന്നതോടെ ഇന്ത്യയില്‍ നിന്നും വിദേശ നുഴഞ്ഞു കയറ്റക്കാര്‍ മുഴുവന്‍ പുറത്താക്കപ്പെടുമെന്ന് തറപ്പിച്ചു പറഞ്ഞത് കൂടുതല്‍ ഭീതി പടര്‍ത്താന്‍ കാരണമായി. ഏറെ വൈകി 'എന്‍ ആര്‍ സി ആസൂത്രണം ചെയ്തിട്ടില്ല'' എന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി എങ്കിലും സര്‍ക്കാരും പൗരന്മാരും തമ്മിലുള്ള പരസ്പര വിശ്വാസ്യതയിലെ വിടവ് വ്യക്തമാണ്. ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന കലാപങ്ങളും ആള്‍ക്കൂട്ട കൊലകളും, തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന നേതാക്കള്‍ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളും, ഉത്തര്‍പ്രദേശ് പോലുള്ള സ്ഥലങ്ങളില്‍ പൊലീസ് കാണിക്കുന്ന തുറന്ന വിവേചനവും ജനങ്ങളെ സംശയാലുക്കളാക്കിയിരിക്കുന്നു. ഏതാനും ചില ക്രമക്കേടുകള്‍ ആണ് സിഎഎയെ ഇത്രയധികം പ്രതിഷേധാര്‍ഹമാക്കുന്നത്. വേട്ടയാടല്‍ എന്നതിനെ സംബന്ധിച്ച് ഒരു ഏകപക്ഷീയമായ നിര്‍വചനം അതിലുണ്ട്. വേട്ടയാടപ്പെട്ട ആളുകള്‍ക്ക് സംരക്ഷണവും പൗരത്വവും നല്‍കുക എന്നുള്ളത് ആര്‍ക്കും എതിര്‍ക്കാന്‍ കഴിയാത്ത ഒരു സന്മനോഭാവമായി കണക്കാക്കപ്പെടുന്നു.

പക്ഷെ തങ്ങളുടെ മതത്തിന്‍റെ പേരില്‍ ഇങ്ങനെ വേട്ടയാടപ്പെടുന്നവര്‍ക്ക് ലഭിക്കുന്ന പരിഗണന അല്ലെങ്കില്‍ ഒഴിവാക്കല്‍ നിശ്ചയിക്കെപ്പെടുമ്പോഴാണ് അത് വിവേചനപരമായ നിയമമാകുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ ഒഴിവാക്കുന്നതിന് ഭരണഘടനാ തത്വങ്ങള്‍ അനുവദിക്കുന്നില്ല.നിര്‍ഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ അയല്‍ രാജ്യങ്ങളില്‍ മിക്കവയും യഥാര്‍ത്ഥത്തില്‍ മത രാഷ്ട്രങ്ങളാണ്. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കും എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്നതിനും അവിടങ്ങളില്‍ മതം സാധാരണയായി ഉപയോഗിച്ചു വരുന്നു. രാഷ്ട്രീയ എതിരാളികള്‍ പോകട്ടെ, മുസ്ലീങ്ങള്‍ക്കിടയില്‍ തന്നെ ഉള്ള ഷിയ അല്ലെങ്കില്‍ അഹമ്മദീയ അല്ലെങ്കില്‍ ഹസാറ എന്നിങ്ങനെയുള്ള ന്യൂനപക്ഷങ്ങളും പോകട്ടെ, വേട്ടയാടലിന് ഇരയാക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും ഈ രാജ്യങ്ങളിലെ സുന്നി മുസ്ലീങ്ങളാണ് എന്നുള്ളതാണ് സത്യം. ഉദാഹരണത്തിന്, കൊലപാതകങ്ങളിലൂടെ മതമൗലികവാദ വിമര്‍ശകരുടെ വായടപ്പിക്കാന്‍ ഉപയോഗിക്കുന്ന പാകിസ്ഥാനിലെ മതനിന്ദാ നിയമം എന്ന കിരാത നിയമം തന്നെ എടുക്കാം. വധശിക്ഷയാണ് മതനിന്ദക്ക് നല്‍കുന്നത്. പലരും രാജ്യം വിട്ടോടി ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും അഭയം തേടുവാന്‍ നിര്‍ബന്ധിതരാകുന്നു. ബംഗ്ലാദേശില്‍ രാഷ്ട്രീയ ഇസ്ലാമിനേയും അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഖാതങ്ങളേയും ചോദ്യം ചെയ്യുന്ന മതേതര ആക്ടിവിസ്റ്റുകളേയും ബ്ലോഗര്‍മാരേയും ക്രൂരമായി കൊല്ലുന്നത് ഇതിന്റെ മറ്റൊരു വലിയ ഉദാഹരണമാണ്. പക്ഷെ ഇവര്‍ക്കൊന്നും ഇന്ത്യയില്‍ അഭയം നല്‍കാനുള്ള യോഗ്യതയില്ല. കാരണം അവരൊക്കെയും മുസ്ലീങ്ങള്‍ എന്ന പേരില്‍ ഒഴിവാക്കപ്പെടുന്നവരാണ്.

ഏറ്റവും പ്രധാനപ്പെട്ടതും അവസാനത്തേതുമായ ചോദ്യമിതാണ്. സ്വന്തം പൗരന്മാരുടെ തന്നെ സന്ദേഹങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്ത ഒരു സര്‍ക്കാര്‍ വിദേശികള്‍ക്ക് പൗരത്വം നല്‍കുന്നതിനായി ഇത്ര ഉത്സാഹം കാട്ടുന്നത് എന്തിനാണ്?

പശ്ചിമ ബംഗാളിലേയും മറ്റിടങ്ങളിലേയും തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ ലക്ഷ്യമിട്ടു കൊണ്ടാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത് എന്ന വിമര്‍ശനത്തെ ഇത് സാധൂകരിക്കുന്നു. സിഎഎ പോലുള്ള അനാവശ്യമായ കാലഹരണപ്പെട്ട നിയമങ്ങള്‍ക്ക് പകരം സമ്പദ് വ്യവസ്ഥയും തൊഴിലില്ലായ്മയും ആയിരിക്കണം സര്‍ക്കാരിന്‍റെ പ്രഥമ പരിഗണന അര്‍ഹിക്കുന്നത്. ഈയടുത്ത കാലത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ഇന്ത്യ. ഉല്‍പ്പാദന മേഖല തകരുകയും തൊഴിലില്ലായ്‌മ കഴിഞ്ഞ നാല് ദശാബ്‌ദക്കാലത്തെ ഏറ്റവും വലിയ നിരക്കിലേക്ക് ഉയരുകയും ചെയ്തിരിക്കുന്നു. കാര്‍ഷിക വൃത്തി ചെയ്യുന്നതിനുള്ള ചെലവ് കുത്തനെ ഉയരുകയും കാലാവസ്ഥാ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്തതോടെ രാജ്യത്താകമാനം കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. നമ്മുടെ യുവാക്കള്‍ക്കായി കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴില്‍ പരിശീലന കേന്ദ്രങ്ങളും ആവശ്യമാണ്. സ്ത്രീകളുടെ സുരക്ഷക്കും സംരക്ഷണത്തിനും വേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. വളര്‍ച്ചയും വികസനവും വാഗ്ദാനം ചെയ്തുകൊണ്ട് അധികാരത്തിലേറിയ ഒരു സര്‍ക്കാര്‍ അനാവശ്യമായ നിയമ നിര്‍മ്മാണങ്ങള്‍ നടത്തി വഴി തെറ്റി പോകരുത്. കലാപങ്ങളുടേയും സാമൂഹിക സൗഹാര്‍ദ്ദ അഭാവത്തിന്റേയും പശ്ചാത്തലത്തില്‍ വിദേശ മൂലധനം ആകര്‍ഷിക്കുവാന്‍ കഴിയുകയില്ല മേക്ക് ഇന്‍ ഇന്ത്യക്ക്. നീതിയും തുല്യതയും വിവേചന രാഹിത്യവും വാഗ്ദാനം ചെയ്യുന്ന ഭരണഘടന ഉയര്‍ത്തി പിടിക്കുവാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. സി എ എ സംബന്ധിച്ച തങ്ങളുടെ നിലപാടില്‍ സര്‍ക്കാര്‍ പുനര്‍ വിലയിരുത്തല്‍ നടത്തേണ്ടിയിരിക്കുന്നു. അത് ചെയ്യാത്തിടത്തോളം കാലം ബഹു വിശ്വാസ, ബഹു സംസ്‌കാര ജനാധിപത്യം എന്ന ഇന്ത്യയുടെ പ്രതിച്ഛായ പരിഹരിക്കാനാവാത്ത വിധം തകര്‍ന്നുപോകും.

സകിയ സോമന്‍

ABOUT THE AUTHOR

...view details