കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് ബാബാ രാംദേവ് - finance minister
സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ആദ്യപടിയാണ് ബജറ്റിലൂടെ മന്ത്രി അവതരിപ്പിച്ചതെന്നും രാംദേവ് പറഞ്ഞു.
ഡെറാഡൂൺ: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ പ്രശംസിച്ച് യോഗ ഗുരു ബാബാ രാംദേവ്. സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ആദ്യപടിയാണ് ബജറ്റിലൂടെ മന്ത്രി അവതരിപ്പിച്ചതെന്നാണ് ഗുരു ബാബ രാംദേവ് പറഞ്ഞത്. കൃഷി, ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയവയ്‌ക്കായി ഫണ്ടുകളും പദ്ധതികളും അനുവദിച്ചതിന് അദ്ദേഹം കേന്ദ്രമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു.
കർഷക താൽപര്യമനുസരിച്ചുള്ള ബജറ്റാണ് മന്ത്രി അവതരിപ്പിച്ചതെന്നും ഇതിലൂടെ അവരുടെ സാഹചര്യങ്ങൾ മെച്ചപ്പെടുമെന്നും ബജറ്റ് സ്വാഗതാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ബജറ്റിലൂടെ ചൈന, ജപ്പാൻ, അമേരിക്ക എന്നിവയ്‌ക്കെതിരായ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താൻ ഇന്ത്യക്ക് കഴിയുമെന്നും രാംദേവ് പറഞ്ഞു. സ്വാതന്ത്ര്യാനന്തരം ആദ്യമായാണ് ആരോഗ്യമേഖലയ്‌ക്കായി വൻ തുക സർക്കാർ അനുവദിക്കുന്നതെന്നും ഈ ബജറ്റിൽ ഒരു മേഖലയിലും നികുതി വർധിപ്പിക്കാത്തത് ആശ്വാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.