ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തികളില്‍ രാജ്യത്തിന് സുരക്ഷാവലയമൊരുക്കുന്ന അതിര്‍ത്തി സുരക്ഷാ സേന രൂപം കൊണ്ടിട്ട് ഇന്നേക്ക് 54 വര്‍ഷം. 1965 ലെ ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധത്തിന് പിന്നാലെയാണ് അതിര്‍ത്തികളുടെ സംരക്ഷണത്തിനായി ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന് (ബി.എസ്.എഫ്) രൂപം നല്‍കിയത്.
ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷാ സേനയ്‌ക്ക് 54 വയസ് - ബിഎസ്എഫ്
ലോകത്തിലെ എറ്റവും വലിയ അതിര്‍ത്തി സുരക്ഷാ സേനയാണ് ഇന്ത്യയുടേത്. പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികര്‍ക്ക് ട്വിറ്ററിലൂടെ ആശംസകളറിയിച്ചു
വാര്‍ഷിക ദിവസത്തില്‍ സേനയ്‌ക്ക് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു. പ്രകൃതി ക്ഷോഭങ്ങളെപ്പോലും അവഗണിച്ച് രാജ്യത്തിന്‍റെ സുരക്ഷയ്‌ക്കായി നിലകൊള്ളുന്ന സേനാംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ആശംസകല്‍ നേരുന്നതായി മോദി ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ അതിര്‍ത്തികളുടെ ആദ്യ സംരക്ഷണ കവചമാണ് ബിഎസ്എഫ്. മണല്‍പ്പരപ്പായ താര്‍ മരുഭൂമിയിലും മരംകോച്ചുന്ന തണുപ്പുള്ള കശ്‌മീരിലും ചതുപ്പ് നിലങ്ങളുള്ള സുന്ദര്‍ബന്‍ കാടുകളിലും ഇവര്‍ രാജ്യത്തിന് സംരക്ഷണമൊരുക്കുന്നു. രാജ്യത്തിനെതിരെ പുറത്തുനിന്നൊരു ആക്രമണമുണ്ടായാല്‍ ആദ്യം രംഗത്തിറങ്ങുന്നതും ഇവര്‍ തന്നെയാണ്. അതിനാല്‍ തന്നെ രാജ്യത്തിനായി രക്‌തം ചിന്തുകയും ജീവന്‍ ബലി കഴിക്കുകയും ചെയ്യുന്ന ബിഎസ്എഫ് ജവാന്‍മാരുടെ എണ്ണം മറ്റ് സൈനിക വിഭാഗത്തെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ വളരെ കൂടുതലാണ്. എങ്കിലും ശമ്പളത്തിന്‍റെയോ മറ്റ് ആനുകൂല്യങ്ങളുടെയോ കാര്യം വരുമ്പോള്‍ ഇവര്‍ പലര്‍ക്കും പിന്നിലാകുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിഎസ്എഫ് ലോകത്തിലെ എറ്റവും വലിയ അതിര്‍ത്തി സുരക്ഷാ സേനയാണ്.