ഇന്തോ-പാക് അതിർത്തി സുരക്ഷാ അവലോകനം; ബിഎസ്എഫ് മേധാവി ഗുജറാത്തിലെത്തി
അന്താരാഷ്‌ട്ര അതിർത്തിയിലെ സുരക്ഷാ സാഹചര്യങ്ങൾ അവലോകനം ചെയ്യുന്നതിനാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബിഎസ്എഫ് മേധാവി എസ്.എസ് ദേസ്‌വാൾ കച്ചിൽ എത്തിയത്
ഗാന്ധിനഗർ: ഇന്തോ-പാക് അതിർത്തി സന്ദർശനത്തിനായി ബിഎസ്എഫ് മേധാവി എസ്.എസ് ദേസ്‌വാൾ ഗുജറാത്തിലെത്തി. അന്താരാഷ്‌ട്ര അതിർത്തിയിലെ സുരക്ഷാ സാഹചര്യങ്ങൾ അവലോകനം ചെയ്യുന്നതിനാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം കച്ചിൽ എത്തിയത്. ഈ വർഷം മാർച്ചിൽ ബിഎസ്‌എഫ് ഡിജി ആയി ചുമതലയേറ്റ ശേഷം കച്ചിലേക്കുള്ള എസ്.എസ് ദേസ്‌വാളിന്‍റെ ആദ്യ സന്ദർശനമാണിത്. വ്യാഴാഴ്‌ച ഭുജിലെത്തിയ അദ്ദേഹം മുതിർന്ന ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം ചേർന്നു. ബിഎസ്‌എഫ് ഇൻസ്‌പെക്‌ടർ ജനറൽ ജി.എസ് മാലിക്, കച്ച് എസ്‌പി സൗരഭ് തോലുംബിയ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. തുറമുഖങ്ങളിൽ പട്രോളിങ് നടത്തുന്ന ബിഎസ്‌എഫ് ജവാന്മാരുമായും ദേസ്‌വാൾ കൂടിക്കാഴ്‌ച നടത്തി. അതിർത്തി കടന്നുപോകുന്ന തീരദേശ മേഖലയിൽ ബിഎസ്‌എഫുകാർ പാകിസ്ഥാൻ മത്സ്യത്തൊഴിലാളികളെ പിടികൂടുകയും ഉപേക്ഷിക്കപ്പെട്ട നിരവധി ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.