ന്യൂഡല്‍ഹി:ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ നടന്ന അക്രമെത്തെ അപലപിച്ച് രാഹുല്‍ ഗാന്ധി. 'മുഖംമൂടി ധരിച്ച ഗുണ്ടകള്‍ ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ നടത്തിയ ആക്രമണം ഞെട്ടിപ്പിക്കുന്നതാണ്. രാജ്യം ഫാസിസ്റ്റുകളുടെ നിയന്ത്രണത്തിലാണ്. അവര്‍ ധീരരായ വിദ്യാര്‍ഥികളുടെ ശബ്ദത്തെ ഭയക്കുന്നു. ജെഎന്‍യുവില്‍ നടന്ന ആക്രമണം അവരുടെ ഭയത്തിന്‍റെ പ്രതിഫലനമാണ്.' രാഹുല്‍ ഗാന്ധി ട്വീറ്റു ചെയ്തു.
മുഖം മൂടി ധരിച്ചെത്തിയ ഒരു സംഘം കാമ്പസില്‍ അതിക്രമിച്ചു കയറുകയും, വിദ്യാര്‍ഥികളെയും അധ്യാപകരെയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
വിദ്യാർത്ഥികളെ ആക്രമിച്ചതിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല പറഞ്ഞു. മോദിക്കും അമിത് ഷായ്ക്കും വിദ്യാർഥികളുമായുള്ള ശത്രുത എന്താണ്? ഫീസ് വർധന, ഭരണഘടനയ്‌ക്കെതിരായ ആക്രമണം എന്നിവക്കെതിരായ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ മർദ്ദിച്ചു. സ്റ്റുഡന്‍റ് യൂണിയൻ പ്രസിഡന്‍റിനെയും അധ്യാപകരെയും കാമ്പസിനുള്ളിൽ മർദ്ദിച്ചു. അമിത് ഷായുടെ കീഴിലുള്ള ഡല്‍ഹി പൊലീസ് നിശബ്ദ കാഴ്ചക്കാരയി മാറിയിട്ടുണ്ടെന്നും ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നും സുർജേവാല ട്വീറ്റ് ചെയ്തു.
ഏഴ് ആംബുലൻസുകൾ ജെഎൻയുവിലേക്ക് അയച്ചിട്ടുണ്ടെന്നും 10 എണ്ണം സ്റ്റാൻഡ്‌ബൈയിലാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അക്രമത്തെ തുടർന്ന് കനത്ത പൊലീസ് സുരക്ഷ സർവകലാശാലയുടെ പ്രധാന ഗേറ്റിൽ വിന്യസിച്ചു.