കേരളം

kerala

ETV Bharat / bharat

ചൈനീസ് ഉല്‍പന്നങ്ങളുടെ ബഹിഷ്‌കരണം ഇന്ത്യക്ക് ഗുണകരമാവില്ലെന്ന് ചൈനീസ് പത്രം - ഇന്ത്യ- ചൈന സംഘര്‍ഷം

ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക മേഖലയെ എങ്ങനെ ബാധിക്കുമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അരൂണിം ഭുയാനിന്‍റെ ലേഖനത്തില്‍ പറയുന്നു. ഗാല്‍വന്‍ താഴ്‌വരയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതോടെ രാജ്യത്ത് ചൈനീസ് വിരുദ്ധവികാരം ഉയര്‍ന്നു വരികയാണ്

Boycotting Chinese products will hurt India more  China Daily  ചൈനീസ് ഉല്‍പന്നങ്ങളുടെ ബഹിഷ്‌കരണം  ഇന്ത്യക്ക് ഗുണമാവില്ലെന്ന് ചൈനീസ് പത്രം  ചൈന  ഇന്ത്യ- ചൈന സംഘര്‍ഷം  ലഡാക്
ചൈനീസ് ഉല്‍പന്നങ്ങളുടെ ബഹിഷ്‌കരണം; ഇന്ത്യക്ക് ഗുണകരമാവില്ലെന്ന് ചൈനീസ് പത്രം

By

Published : Jun 24, 2020, 2:14 PM IST

ന്യൂഡല്‍ഹി: ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നത് ഇന്ത്യക്ക് ഗുണകരമാവില്ലെന്ന് ചൈനീസ് മുഖ പത്രം പറയുന്നു. ഇന്ത്യക്കാര്‍ക്ക് ചൈനയുടെ ഉല്‍പന്നങ്ങളില്ലാതെ ജീവിക്കാന്‍ പ്രയാസമായിരിക്കുമെന്നും അതിനാല്‍ ശാന്തമായിരിക്കാനും ചൈനീസ് പത്രം അഭിപ്രായപ്പെട്ടു. ജൂണ്‍ 15ന് നടന്ന ഇന്ത്യ- ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതോടെ ചൈനയ്‌ക്കെതിരെയുള്ള വികാരം ഇന്ത്യയില്‍ ശക്തിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് പരക്കെ അഭിപ്രായം ഉയര്‍ന്നത്.

അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും സമാധാനവും സംയമനവും പുലര്‍ത്തിയാല്‍ മാത്രമേ വളര്‍ന്നു വരുന്ന രണ്ട് ഏഷ്യന്‍ രാജ്യങ്ങള്‍ക്കും വ്യാപാരബന്ധവും സാമ്പത്തിക രംഗവും മെച്ചപ്പെടുത്താന്‍ സാധിക്കുകയുള്ളുവെന്ന് ചൈനീസ് പത്രം പറയുന്നു. അതിര്‍ത്തി തര്‍ക്കം ചൈനയുമായുള്ള സാമ്പത്തിക ബന്ധം തകരാന്‍ ഇന്ത്യ അനുവദിക്കരുതെന്ന തലക്കെട്ടോടെ ചൈനയിലെ ഇംഗ്ലീഷ് ദിനപത്രമായ ഗ്ലോബല്‍ ടൈംസാണ് ലേഖനം പ്രസിദ്ധീകരിച്ചത്. സംഘര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം തകരാതെ നോക്കണമെന്നും പത്രം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര, സൈനിക തല ചര്‍ച്ചകള്‍ നടത്തുകയാണ്. ചൈനീസ് വിരുദ്ധ വികാരം ഇതേ തുടര്‍ന്ന് ഇന്ത്യയില്‍ ശക്തമായിരുന്നു. ചൈനീസ് ഭക്ഷണങ്ങള്‍ ഇന്ത്യയില്‍ നിരോധിക്കണമെന്നും പോലും കേന്ദ്ര മന്ത്രി പറയുകയുണ്ടായി. ചൈനീസ് നിര്‍മിത ടിവികള്‍ തകര്‍ക്കുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

45 വര്‍ഷത്തിനിടെ ആദ്യമായാണ് 3488 കിലോമീറ്റര്‍ നീളമുള്ള ഇന്ത്യ ചൈന അതിര്‍ത്തി വിഷയത്തില്‍ സൈനികര്‍ക്ക് മരണം സംഭവിക്കുന്നത്. ലഡാക്കിലെ ഏറ്റുമുട്ടലിനെ നിര്‍ഭാഗ്യകരമെന്നാണ് ഞായാറാഴ്‌ചത്തെ ഗ്ലോബല്‍ ടൈംസ് പത്രം വിശേഷിപ്പിച്ചത്. വിഷയം ഇന്ത്യക്കകത്തും പുറത്തുമുള്ള രാഷ്‌ട്രീയക്കാരും ഗൂഡാലോചന സൈദ്ധാന്തികരും ചൈനാ വിദ്വേഷം വളര്‍ത്താനും ദേശീയതയെ പ്രോല്‍സാഹിപ്പിക്കാനും ഉപയോഗിക്കരുതെന്ന് ലേഖനം പറയുന്നു. പല ഇന്ത്യന്‍ ടെലിവിഷന്‍ അവതാരകരും കോളമിസ്റ്റുകളും അതിര്‍ത്തിയിലെ സംഘര്‍ഷത്തെ സങ്കീര്‍ണമാക്കാന്‍ ശ്രമിക്കുന്നുവെന്നും ചൈനയ്ക്ക് ശക്തമായ മറുപടി കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതായി പത്രം പറയുന്നു. രാജ്യത്തിനകത്ത് തന്നെ നടക്കുന്ന ഇത്തരം കാര്യങ്ങളില്‍ ഇന്ത്യന്‍ ജനത വഞ്ചിക്കപ്പെടുകയില്ലെന്ന് വിശ്വസിക്കുന്നുവെന്നും ഇന്ത്യക്ക് ചൈനയെ സാമ്പത്തികമായും രാഷ്‌ട്രീയപരമായും ആവശ്യമാണെന്നും ലേഖനത്തില്‍ പറയുന്നു.

വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്കു പ്രകാരം 95.54 ബില്ല്യണ്‍ ഡോളറിന്‍റെ ഉഭയ കക്ഷി വ്യാപാരത്തില്‍ ഇന്ത്യയുടെ കയറ്റുമതി 18.84 ബില്ല്യണ്‍ ഡോളറാണ്. ചൈനീസ് ഉല്‍പന്നങ്ങളുെട കയറ്റുമതി കൂടുതലുള്ള ഏഴാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. അതേസമയം ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന 27ാമത്തെ വലിയ രാജ്യം കൂടിയാണ് ഇന്ത്യ. 2019 ജനുവരി മുതല്‍ ജൂലായ് വരെ ഇന്ത്യ-ചൈന വ്യാപാരം 53.3 ബില്ല്യണിലെത്തി നില്‍ക്കുകയാണ്. ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 10.38 ബില്ല്യണാണ്. മറിച്ച് ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള കയറ്റുമതി 42.92 ബില്ല്യണാണ്. കോട്ടണ്‍,കോപ്പര്‍,ഡയമണ്ട്,രത്‌നങ്ങള്‍ എന്നിവയാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. യന്ത്രങ്ങള്‍, ടെലികോം, വൈദ്യുത ഉപകരണങ്ങള്‍,വളങ്ങള്‍ ,കെമിക്കലുകള്‍ എന്നിവയാണ് ചൈനയില്‍ നിന്നും പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.

ചൈന ഇന്ത്യയ്ക്ക് ധാരാളം അവസരങ്ങൾ നൽകുന്നുവെന്ന് ലേഖനം കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യയിലെ മുന്‍പന്തിയിലുള്ള 30 സ്റ്റാര്‍ട്ടപ്പുകളില്‍ 18 എണ്ണത്തില്‍ ചൈനീസ് നിക്ഷേപമുണ്ട്. വീടുകളിലുള്ള കളര്‍ ടിവിയും,മൈക്രോവേവ് ഓവനുകള്‍,എയര്‍ കണ്ടീഷണനുകള്‍,ഏറ്റവും പുതിയ ടെക്‌നോളജിയുള്ള ഫോണുകള്‍,ലാപ്‌ടോപ്പുകള്‍ എന്നിവ ചൈനീസ് നിര്‍മിതമാണ്. താങ്ങാന്‍ പറ്റുന്ന വിധമുള്ള വിലയും ഗുണനിലവാരവും മൂലം ചൈനീസ് ഉല്‍പന്നങ്ങളെ മാറ്റി നിര്‍ത്താനാകില്ലെന്ന് ഗ്ലോബല്‍ ടൈംസ് അവകാശപ്പെടുന്നു. ന്യൂഡല്‍ഹിക്ക് ചൈനയുമായി ബന്ധം നിലനിര്‍ത്താന്‍ 100 കാരണങ്ങളുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. 2017ല്‍ ഡോക്‌ലാമിലാണ് ഇതിന് മുന്‍പ് അതിര്‍ത്തി സംഘര്‍ഷമുണ്ടായിട്ടുള്ളത്. തുടര്‍ന്ന് കസാക്കിസ്ഥാനില്‍ വെച്ചുള്ള ഉച്ചകോടിയില്‍ നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റും ധാരണയായിരുന്നു. ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്‍റെ ഭാഗമായി 2018ല്‍ വുഹാനില്‍ നടന്ന ഉച്ചകോടിയിലും മോദിയെ ഷീജിന്‍പിങ് ക്ഷണിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ചെന്നൈയിലെ മാമല്ലപുരത്ത് നടന്ന അനൗപചാരിക ഉച്ചകോടിയിലും ഷീജിന്‍ പിങ് പങ്കെടുത്തിരുന്നു. ലഡാക്കിലെ സംഘര്‍ഷത്തോടെ വിമര്‍ശകര്‍ മോദിയും ചൈനീസ് പ്രസിഡന്‍റുമായുള്ള ബന്ധം എവിടെയെന്ന് ചോദിച്ച് വിമര്‍ശിക്കുകയാണ്. കൊവിഡ് മഹാമാരിയില്‍ ലോകം ചൈനയെ കുറ്റപ്പെടുത്തുന്നതിനിടയിലും യുഎസ്-ചൈന വ്യാപാര യുദ്ധത്തിനിടയിലുമാണ് ഇന്ത്യ-ചൈന സംഘര്‍ഷം കൂടി ഉയര്‍ന്നു വന്നത്.

ABOUT THE AUTHOR

...view details